ഇൻഡോർ: കോളേജ് വിദ്യാർത്ഥിനിയെ മുൻകാമുകന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേൽപ്പിച്ച് ചാക്കിൽ കെട്ടി റെയിൽവേട്രാക്കിൽ തളളി. മദ്ധ്യപ്രദേശിലെ ഇൻഡോറിന് സമീപത്തായിരുന്നു കൊടുംക്രൂരത നടന്നത്. ഗുരുതരമായി പരിക്കേറ്റ 19കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻകാമുകനും കൂട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിനിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന യുവതിയെ മുഖ്യപ്രതിയുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. ഒരു ഫ്ളാറ്റിൽ വച്ചാണ് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയത്. ഇതിനെ എതിർത്തപ്പോൾ കത്തികൊണ്ട് മാരകമായി പരിക്കേൽപ്പിച്ചു. തുടർന്ന് വീണ്ടും പീഡിപ്പിച്ചു. ഒടുവിൽ അവശയായ യുവതിയെ ചാക്കിൽ കെട്ടിയശേഷം തൊട്ടടുത്തുളള റെയിൽവേട്രാക്കിൽ തളളുകയായിരുന്നു.
ഒരുതരത്തിൽ ചാക്കിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ യുവതി നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് ആശുപത്രിയിലാക്കിയതും പൊലീസിനെ വിവരമറിയിച്ചതും. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്ധ്യപ്രദേശിൽ അടുത്തിടെയായി സ്ത്രീകൾക്കുനേരെയുളള അതിക്രമങ്ങൾ കൂടിവരികയാണ്. അതിക്രമങ്ങൾക്ക് തടയിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ക്യാമ്പയിൽ നടപ്പാക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. കഴിഞ്ഞദിവസങ്ങളിലും നിരവധി ക്രൂരപീഡനങ്ങളാണ് വെളിച്ചത്തുവന്നത്.