ചരിത്രത്തിൽ ആദ്യമായി 50,000 തൊട്ട് സെൻസെക്‌സ്
കൊച്ചി: കൊവിഡ് പ്രതിസന്ധികളിൽ നിന്ന് അതിവേഗം നേട്ടത്തിന്റെ ട്രാക്കിലേറിയ ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ ചരിത്രത്തിൽ ആദ്യമായി 50,000 പോയിന്റുകളിൽ മുത്തമിട്ടു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സ് 50,184 വരെയും നിഫ‌്റ്റി 14,753 വരെയും എത്തി. ഇത്, എക്കാലത്തെയും ഉയരമാണ്.
എന്നാൽ, വൈകിട്ടോടെ ഉണ്ടായ കനത്ത ലാഭമെടുപ്പ് റെക്കാഡ് നേട്ടം നിലനിറുത്തുന്നതിന് തടസമായി. വ്യാപാരാന്ത്യം 167 പോയിന്റ് നഷ്‌ടവുമായി 49,624ലാണ് സെൻസെക്‌സുള്ളത്. നിഫ്‌റ്റി 54 പോയിന്റ് താഴ്‌ന്ന് 14,590ലും. ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ് ഇന്നലെ നേട്ടത്തിന്റെ ചുക്കാൻ പിടിച്ചത്.
ബൈഡനും വാക്‌സിനും
സെൻസെക്‌സിന്റെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ:
1. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈകാതെ 1.9 ലക്ഷം കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന
2. കൊവിഡ് വാക്‌സിൻ വിതരണം
3. ഉത്തേജക പാക്കേജ് പരിഗണിക്കാനുള്ള യൂറോപ്പ്യൻ സെൻട്രൽ ബാങ്കിന്റെ തീരുമാനം
4. ആഗോള ഓഹരികളിലെ ഉണർവ്
5. കേന്ദ്ര ബഡ്‌ജറ്റ് അനുകൂലമാകുമെന്ന പ്രതീക്ഷ
6. വിദേശ നിക്ഷേപ ഒഴുക്ക്
7. ഐ.പി.ഒ വിപണിയുടെ ഉണർവ്
സെൻസെക്‌സിന്റെ നാൾവഴി
1986 : പ്രവർത്തനാരംഭം, പോയിന്റ് 100
1990 : 1000 പോയിന്റ്
1999 : 5000
2006 : 10,000
2007 : 20,000
2014 : 25,000
2015 : 30,000
2018 : 35,000
2019 : 40,000
2020 : 45,000
2021 : 50,000
15.4%
1979 മുതലുള്ള കണക്കെടുത്താൽ ലോകത്ത് ഏറ്റവുമധികം ശരാശരി വാർഷിക വളർച്ച നേടിയ ഓഹരി സൂചിക സെൻസെക്‌സാണ്; 15.4%
സെൻസിറ്റീവ് ഇൻഡക്‌സ്
ദീപക് മഹോനി എന്ന സ്‌റ്റോക്ക് മാർക്കറ്റ് നിരീക്ഷകനാണ് സെൻസെക്‌സിന് ആ പേര് നൽകിയത്. സെൻസിറ്റീവ്, ഇൻക്‌സ് എന്നീ വാക്കുകളിൽ നിന്നാണ് സെൻസെക്‌സിന്റെ പിറവി.
കൊവിഡും സെൻസെക്‌സും
2020 ജനുവരി ഒന്നിന് 41,306 പോയിന്റിലായിരുന്ന സെൻസെക്‌സ്, മാർച്ച് 23ന് 25,981 പോയിന്റിലേക്ക് തകർന്നടിഞ്ഞു. പക്ഷേ, പിന്നീട് മെല്ലെ തിരിച്ചുകയറിയ സെൻസെക്‌സിന് 45,000ൽ നിന്ന് 50,000ലേക്ക് എത്താൻ വേണ്ടിവന്നത് വെറും 48 ദിവസം.
വൈകിട്ട് കലമുടച്ചു!
പുതിയ ഉയരം കുറിച്ചതിന്റെ ആവേശത്തിൽ, നിക്ഷേപകർ വൻലാഭക്കൊതിയോടെ ഇന്നലെ വൈകിട്ട് ഓഹരികൾ വിറ്റുമറിച്ചു. ഇതോടെയാണ്, വ്യാപാരാന്ത്യം സെൻസെക്‌സും നിഫ്‌റ്റിയും റെക്കാഡ് നേട്ടം കൈവിട്ടത്.
₹199 ലക്ഷം കോടി
ഇന്നലെ ഒരുവേള സെൻസെക്‌സിന്റെ മൂല്യം 199 ലക്ഷം കോടി രൂപ കടന്നിരുന്നു. വൈകിട്ട് നഷ്‌ടം വന്നതോടെ, മൂല്യം 196.51 കോടി രൂപയായി താഴ്‌ന്നു.
മോദിയുഗത്തിലെ മുന്നേറ്റം
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറുമ്പോൾ 25,000 പോയിന്റിലായിരുന്നു സെൻസെക്‌സ്. തുടർന്നിങ്ങോട്ട് ഇതുവരെയുള്ള മോദിയുഗത്തിൽ സെൻസെക്‌സ് നേടിയത് 100 ശതമാനത്തോളം വളർച്ച.
ഇക്കാലയളവിൽ സെൻസെക്‌സിൽ ഏറ്റവുമധികം പോയിന്റത്സ കൂട്ടിച്ചേർത്തത് റിലയൻസ് ഇൻഡസ്‌ട്രീസാണ്; 4953 പോയിന്റ്
ഏറ്റവുമധികം വളർച്ച ഓഹരികളിൽ കുറിച്ചത് ഹിന്ദുസ്ഥാൻ യൂണിലിവർ; 337 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |