ആര്യയെക്കുറിച്ച് വരുന്ന ചർച്ചകളിലും പ്രതികരണങ്ങളിലൊക്കെ പറയുന്നത് ആര്യയ്ക്ക് വളരെ പക്വതയുണ്ട് പക്ഷേ, ഇരുപത്തിയൊന്ന് വയസേയുള്ളൂ, അതുകൊണ്ട് തന്നെ വിമർശകർ പറയുന്നത് പാർട്ടി പിൻസീറ്റിൽ നിന്നു ഭരിക്കും എന്നാണ്, എന്തു പറയുന്നു?
ഒരുപാട് പേർ ചോദിച്ച ചോദ്യമാണ്. ഇരുപത്തിയൊന്ന് വയസിൽ ഈ കുട്ടിയെ പഠിക്കാൻ വിട്ടുകൂടെ, ഈ കുട്ടിക്ക് വേറൊന്നും ചെയ്യാനില്ലേ, ഈ പ്രായത്തിൽ എന്താണ് ചെയ്യാൻ കഴിയുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വിമർശിക്കുന്നവരോട് അതേ രീതിയിൽ മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആര്യയെ അറിയാത്തവർ അല്ലെങ്കിൽ ആര്യ എന്നു പറയുന്ന സംഘടനാപ്രവർത്തനത്തിൽ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്ന് അറിയാത്തവരാണല്ലോ ഇങ്ങനെയൊക്കെ വിമർശിക്കുന്നത്. പ്രായം ഒരിക്കലും പക്വതയെ തീരുമാനിക്കുന്ന കാര്യമല്ല. അവർക്കുള്ള മറുപടി കൊടുക്കേണ്ടത് വാക്കുകൾ കൊണ്ടല്ല, ഞാൻ ഇനി ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് എന്ന കാഴ്ചപ്പാടാണ്.
ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നു പറയുന്നതു പോലെ, അല്ലേ?
അതെ, മമ്മൂക്ക പറയുന്നതു പോലെ. ഞാൻ ഒരിക്കലും പ്രായം ഒരു ഘടകമായി കാണുന്നില്ല, ബാലസംഘത്തിൽ നിൽക്കുന്നതുകൊണ്ടു തന്നെ എനിക്ക് പറയാൻ കഴിയും ചെറിയ കുട്ടികളിൽ നിന്ന് പോലും നമുക്കൊരുപാട് പഠിക്കാനുണ്ട്. പ്രായത്തിനപ്പുറം ആളുകളിൽ നിന്ന് പഠിക്കാനൊരുപാടുണ്ട്. അനുഭവങ്ങൾ ഒരുപാടുണ്ട്. ചെറിയ കുട്ടികൾ നമ്മളോട് പെരുമാറുന്ന രീതി, വീട്ടിൽ കാര്യങ്ങൾ ചെയ്യുന്ന രീതി ഒക്കെ കണ്ടാൽ നമുക്ക് അതിശയം തോന്നും. അതുകൊണ്ട് പ്രായം ഒന്നിനും ഒരു ഘടകമല്ല.
കൗൺസലർ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പ്രായത്തിന്റെ കാര്യമല്ലാതെ വിഷമിപ്പിച്ച മറ്റു വിമർശനങ്ങളുണ്ടായിരുന്നോ?
ഒരുപാടുണ്ടായിട്ടുണ്ട്. പെൺകുട്ടിയായതുകൊണ്ട് നമ്മെ പറ്റി പറയുക, അങ്ങനെ. വ്യക്തിപരമായി അധിക്ഷേപിച്ചതൊക്കെയുണ്ട്. കല്യാണം കഴിഞ്ഞു പോകും എന്നൊക്ക. എതിർസ്ഥാനാർത്ഥികൾക്ക് എന്തെങ്കിലുമൊക്കെ പറയാൻ വേണ്ടേ, എന്റെ അച്ഛനും അമ്മയും ചേട്ടനോ എന്തിന് ഞാൻ പോലും ആലോചിക്കാത്ത കാര്യത്തെ കുറിച്ചാണ് അവർ ഈ പറയുന്നത്. വിമർശിക്കുന്നവർക്ക് അങ്ങനെ മറുപടി നൽകണമെന്ന് കരുതുന്നില്ല. എതിർപാർട്ടിക്കാരാണല്ലോ ഇതൊക്കെ ചെയ്യുന്നത്. അവരോടൊക്കെ പറയാനുള്ളത് അവരുടെ നേതാക്കൾ അടക്കമുള്ളവർ വിളിച്ച് അഭിനന്ദിച്ചുവെന്നതാണ്. എം.പിയും കേന്ദ്രമന്ത്രിയുമൊക്കെ വിളിച്ചഭിനന്ദിച്ചു. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമായുമുണ്ടാകും. അവരതിൽ കാണുന്നത് ഒരു ചെറിയ കുട്ടി അല്ലെങ്കിൽ വിദ്യാർത്ഥിനി രാഷ്ട്രീയ രംഗത്തു വരുന്നുണ്ട്. മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിനപ്പുറം വികസനം നടത്താൻ ആ കുട്ടിക്ക് കഴിയുമെന്ന് അവർ ചിന്തിച്ചു. ആ രീതിയിൽ തന്നെയാണ് സുരേഷ്ഗോപി സാർ, കമലഹാസൻ സാർ ഒക്കെ വിളിച്ചു.
പിണറായി വിജയൻ ആണോ ആര്യയുടെ റോൾ മോഡൽ?
ഇടതുപക്ഷ സംഘടന ഒരു കേഡർ പാർട്ടിയായതു കൊണ്ട് ഒരുപാട് പേർ റോൾമോഡലായുണ്ട്, അവരെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാർട്ടി തന്നെ വലിയ രീതിയിൽ സ്വാധീനിച്ച ഘടകമാണ്. ഈ കാലഘട്ടത്തിൽ എടുത്തു പറയേണ്ട പേര് അദ്ദേഹത്തിന്റേത് തന്നെയാണ്. ഇതുപോലെ ഒരുപാട് വിമർശനങ്ങൾ കേട്ടുകൊണ്ടാണല്ലോ അദ്ദേഹവും മുഖ്യമന്ത്രിയാകുന്നത്. ചിരിക്കില്ല എന്നൊക്കെയാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇന്ന് ആ കാഴ്ചപ്പാടിലല്ല ആളുകൾ. അദ്ദേഹം അന്ന് ഇതിന് പ്രതികരിച്ചിരുന്നില്ല. അതു തന്നെയാണ് ഞാനുമെടുക്കുന്ന സ്റ്റാൻഡ്. പ്രതിസന്ധികളുണ്ടായപ്പോൾ ജനങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ ക്രൈസിസ് മാനേജർ എന്ന് വിളിക്കാൻ തന്നെ നമുക്ക് അഭിമാനമാണ്.
സി.പി.എം അടക്കം രാഷ്ട്രീയ പാർട്ടികൾ നോക്കിയാൽ ആദരവ് തോന്നിയ വനിതാനേതാക്കൾ ആരൊക്കെയാണ്?
ഈ കാലഘട്ടത്തിൽ ശൈലജ ടീച്ചർ തന്നെയാണ്. ടീച്ചറും വിളിച്ചിരുന്നു, ഒരു മന്ത്രിയായിട്ടായിരുന്നില്ല എന്നോട് സംസാരിച്ചത്. ഒരു കുഞ്ഞുമകളോടെന്നതുപോലെയാണ്. മോളേ ഒരുപാട് സഹായങ്ങളുണ്ടാകും, ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ടീച്ചറമ്മ എന്ന വിളിയിലുള്ള ആദരവ് തീർച്ചയായുമുണ്ട്.
കോർപ്പറേഷനിലേക്ക് വരുമ്പോൾ ബി.ജെ പിയാണ് രണ്ടാം കക്ഷി. എന്ത് രീതിയിലുള്ള സമീപനമാകും എടുക്കുക?
രാഷ്ട്രീയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ട്. വികസനകാഴ്ചപ്പാടിൽ അവരൊരിക്കലും എതിര് നിൽക്കില്ല എന്ന വിശ്വാസമാണുള്ളത്. ഇത്തവണത്തെ കൗൺസിലിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ആര്യയും പ്രായം കൂടിയ ആൾ അശോക് കുമാർ സാറുമാണ്. സത്യപ്രതിജ്ഞാദിവസം അദ്ദേഹം സീറ്റിൽ ഇരിക്കുന്നതിന് മുന്നേ തന്നെ എന്റെയടുത്ത് വന്ന് പരിചയപ്പെടുകയായിരുന്നു. അദ്ദേഹം ഒരു അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ മാറ്റി വച്ചുകൊണ്ട്, പ്രായത്തെ മാറ്റിവച്ചുകൊണ്ടാണ് എന്റടുത്ത് വന്ന് സംസാരിച്ചത്.
സൗഹൃദത്തിന്റെ അന്തരീക്ഷം കൊണ്ടുപോകാൻ ശ്രമിക്കും എന്നാണല്ലേ?
തീർച്ചയായും. എന്റെ വാർഡ് മാത്രമല്ല, നൂറ് വാർഡും നോക്കും. രാഷ്ട്രീയപ്പാർട്ടിയുടെ മേയറല്ല, ജനങ്ങളുടെ മേയറാണ്. ജനപ്രതിനിധിയായി കഴിഞ്ഞാൽ നമുക്ക് വോട്ട് ചെയ്തവരുടെ മാത്രം ജനപ്രതിനിധിയല്ല. മത്സരിക്കുമ്പോൾ ഒരു പാർട്ടിയിൽ നിന്നുകൊണ്ടാണ് എല്ലാവരും മത്സരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ എല്ലാവരുടെയും ജനപ്രതിനിധിയാണ്. വോട്ടില്ലാത്തവരുടെ കൂടെ ജനപ്രതിനിധിയാണ്. 16 ലക്ഷം വോട്ടർമാരാണ് തിരുവനന്തപുരത്തുള്ളത്. അവർ മാത്രമല്ല, മറ്റു സ്ഥലങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നവരുണ്ട്, കുട്ടികളുണ്ട്.. എല്ലാവരുടെയും മേയറാണ്.
എന്തിനാണ് ആദ്യപരിഗണന നൽകുന്നത്?
വികസനകാഴ്ചപ്പാടുകൾ ഒരുപാടുണ്ട്, പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നതുപോലെ നിരവധികാര്യങ്ങളുണ്ട്. വികസനത്തുടർച്ചയാണ് ലക്ഷ്യം. തുറക്കുകയാണ് . ഇത്രയും ദിവസം അടഞ്ഞുകിടന്നതുകൊണ്ട് തന്നെ ക്ലീനിംഗിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കുട്ടികൾ വീട്ടിൽ സുരക്ഷിതരായിരുന്നതുകൊണ്ടു തന്നെ സ്കൂളിൽ വരുമ്പോഴും അവരുടെ സുരക്ഷിതത്വം പ്രധാനമാണ്.
തിരുവനന്തപുരം നഗരം ഒരുകാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ നഗരമായിരുന്നു. മാലിന്യമുക്തമായ ഒരു തിരുവനന്തപുരത്തിന് എന്തെങ്കിലും പദ്ധതി മനസിലുണ്ടോ?
ജനങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ട് മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. അവർക്ക് ബോധവത്ക്കരണം നടത്തണം. ഓരോ വ്യക്തിയും അവരുടേതായ കോൺട്രിബ്യൂഷൻ നൽകിയാൽ മാത്രമേ ഈ മാലിന്യപ്രശ്നം പരിഹരിക്കാൻ പറ്റൂ. പൂന്തോട്ടങ്ങളുണ്ടാക്കുക, ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി, മരങ്ങൾ നട്ടുപിടിപ്പിക്കുക അങ്ങനെ ഒരുപാട് കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും സൗഹൃദമായ രീതിയിൽ നഗരത്തെ മാറ്റണം, വ്യായാമത്തിന് ഏറെ പ്രാധാന്യം നൽകണം. അങ്ങനെയുള്ള പദ്ധതികളൊക്കെ മനസിലുണ്ട്.
ബാലസംഘത്തിൽ നിന്നു വന്നതുകൊണ്ട് തന്നെ കുട്ടികൾക്ക് വേണ്ടി പദ്ധതികൾ പ്രതീക്ഷിക്കാം?
ആര്യയെ സംബന്ധിച്ചിടത്തോളം ആര്യ റെപ്രസെന്റ് ചെയ്യുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്. യുവജനങ്ങളെ റെപ്രസന്റ് ചെയ്യുന്നു, വിദ്യാർത്ഥികളെ റെപ്രസന്റ് ചെയ്യുന്നു, സ്ത്രീകളെ, കുട്ടികളെ... അങ്ങനെ എല്ലാവിഭാഗത്തിൽ പെടുന്ന ആളുകളെയും പ്രതിനിധാനം ചെയ്യുന്ന മേയറാകും.
ആൾസെയിന്റ്സ് കോളേജിലെ സുഹൃത്തുക്കളെല്ലാം പറഞ്ഞത് സുരക്ഷ വേണമെന്നാണ്. ആറുമണിക്ക് ശേഷം ധൈര്യമായി പുറത്തിറങ്ങി നടക്കാനാകണം?
ഇന്ത്യയിൽ തന്നെ ഏറ്റവും സുരക്ഷയുള്ള സ്ഥലം കേരളമാണ്. കേരളത്തിൽ തിരുവനന്തപുരവും. തലസ്ഥാനനഗരമായതു കൊണ്ടാകാം. സ്ത്രീക്ക് ഏത് സമയമാണ് അസമയം? സ്ത്രീയായതുകൊണ്ട് മാത്രം അസമയമാകുന്നോ? അതൊരു ചോദ്യം തന്നെയാണ്. ആ ചിന്താഗതി തന്നെ നമ്മൾ മാറ്റണം. എല്ലാ സമയവും ഒരുപോലെയാക്കണം. രാത്രികാലങ്ങളും പകൽ പോലെയാക്കിയെടുക്കാനുള്ള നല്ല ഇടപെടലുകൾ നടത്തും. ഗവൺമെന്റുമായി ചേർന്ന് നഗരത്തിനകത്ത് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട പദ്ധതികൾ ആവിഷ്കരിക്കും.
മേയർക്ക് ഒരു വസതി ആവശ്യമല്ലേ? കോഴിക്കോടും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമൊക്കെ ഇങ്ങനെ ഒരു കാഴ്ചപ്പാടുണ്ടല്ലോ?
അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ല. അതൊരു വ്യക്തിപരമായ കാര്യമാണ്. രാഷ്ട്രീയമായി കൂട്ടിക്കലർത്താൻ കഴിയാത്ത ഒന്ന്. ഇനിയും അവിടെ തന്നെ താമസിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഉള്ള സൗകര്യത്തിൽ തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു സാധാരണക്കാരിയാണ്. ഒരു സ്ഥാനം കിട്ടിയെന്ന് കരുതി വളർന്നുവന്ന രീതികളോ കാഴ്ചപ്പാടുകളോ നിലപാടുകളോ മാറാൻ പോകുന്നില്ല. അച്ഛനെപ്പോഴും പറയും ഞാനൊരു സാധാരണ കൂലപ്പണിക്കാരനാണ്. അത് അച്ഛന്റെ ഒരു വാക്കാണ്.
ജീവിതത്തിൽ എപ്പോഴെങ്കിലും സാമ്പത്തിക ക്ലേശമനുഭവിച്ചിട്ടുണ്ടോ?
അതിപ്പോൾ സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ആള് പോലും അനുഭവിക്കുന്ന കാര്യമാണല്ലോ. അതൊക്കെ ഉണ്ടാവാറുണ്ട്. സഹതാപത്തിന് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് അതൊന്നും ഉപയോഗിച്ചിട്ടില്ല, ഇനിയും ഉപയോഗിക്കാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ആര്യയെ ആരും സ്നേഹിക്കണമെന്ന കാഴ്ചപ്പാടില്ല. അച്ഛനും അമ്മയും വലിയ ബുദ്ധിമുട്ടുകളൊന്നും അറിയിച്ചിട്ടില്ല എന്നതാണ് സത്യം. വേണ്ടതെല്ലാം തന്നിട്ടുണ്ട്. ചോദിച്ചയുടനെ കിട്ടില്ലെങ്കിലും അതിന് വേണ്ടി അവർ പ്രയത്നിക്കാറുണ്ട്. ബുദ്ധിമുട്ട് അവർ അറിയിച്ചിട്ടില്ലെങ്കിലും നമ്മളത് മനസിലാക്കാൻ ശ്രമിക്കാറുണ്ട്.
തിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണോ മത്സരിക്കുന്നത്?
സ്കൂൾ തിരഞ്ഞെടുപ്പിലൊന്നും മത്സരിച്ചിട്ടില്ല. സംഘടനാരംഗത്ത് നിൽക്കുക എന്നൊരു ആഗ്രഹം മാത്രമാണ്ടായിരുന്നുള്ളൂ. രാഷ്ട്രീയലക്ഷ്യം എന്താണെന്ന് ചോദിക്കുന്നവരോടും പറയാനുള്ളത് എല്ലാ കാലത്തും നല്ല പാർട്ടിപ്രവർത്തകയാകണം എന്നാണ്. സ്ഥാനങ്ങൾക്കപ്പുറത്തേക്ക് സഖാവായി വളരുക. ആര്യ പക്വതയോടെ സംസാരിക്കുന്നുണ്ടെങ്കിൽ അതിൽ വലിയൊരു പങ്ക്വഹിച്ചത് പാർട്ടിയാണ്.
വിമർശനങ്ങൾ നേരിടുന്ന പാർട്ടി കൂടിയാണ് ആര്യയുടേത്. അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അന്വേഷണം നടക്കുന്ന കാര്യത്തിൽ അങ്ങനെയൊരു കമന്റിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരുന്ന വാർത്തകളല്ല ഇപ്പോൾ വരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ കുറ്റം പറഞ്ഞിരുന്നവർ ഇന്നിപ്പോൾ ആര്യയെ മേയറാക്കിയതിന് പാർട്ടിയെ അഭിനന്ദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം എപ്പോഴും ആക്രമിക്കപ്പെട്ടിട്ടുള്ള ഒരു പ്രസ്ഥാനം തന്നെയാണ്. ജനങ്ങൾ അത് വിശ്വസിക്കുന്നില്ല, ആ വ്യാജപ്രചരണങ്ങൾ തള്ളിക്കളഞ്ഞുവെന്നത് ഈ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നമ്മൾക്ക് മനസിലായ കാര്യമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നുണ്ടോ?
തീർച്ചയായും ഉണ്ടാകും. മുമ്പൊന്നും കാണാത്തതും അനുഭവിക്കാത്തതുമായ പല തരത്തിലുള്ള പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് ഈ അഞ്ചുവർഷക്കാലം കടന്നുപോയിട്ടുള്ളത്. ആ സമയത്ത് ജനങ്ങൾ തന്നെ പറയാറുണ്ട് മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയാണ് ഇങ്ങനെ ഭരിച്ചതെങ്കിൽ ജനങ്ങളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന്? എത്ര പേർ മരിക്കുമായിരുന്നു? എത്ര പേർ ദുരിതമനുഭവിക്കുമായിരുന്നു. വീട്ടിലിരുന്ന സമയത്തും പട്ടിണി കിടക്കേണ്ടി വന്നില്ല. മുഖ്യമന്ത്രി ഓരോ ദിവസവും വാർത്താസമ്മേളനം വിളിക്കുന്ന സമയത്ത് ജനങ്ങൾക്ക് പ്രതീക്ഷയാണ്. ഞങ്ങൾക്ക് വേണ്ടി ഇന്ന് അദ്ദേഹം എന്തോ പറയുന്നുണ്ട്, അല്ലെങ്കിൽ സ്നേഹം കരുതിവച്ചിട്ടുണ്ട് എന്ന ചിന്തയാണ്.
യാത്രകൾ പോകാറുണ്ടോ?
സംഘടനാപരമായ യാത്രകളാണ് കൂടുതലും നടത്തിയിട്ടുള്ളത്.
ഇനിയുള്ള അഞ്ചു വർഷത്തെ എങ്ങനെയാണ് ആര്യ മുന്നോട്ട് നോക്കുന്നത്?
പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകണം. പഠനത്തിന് വേണ്ടി രാഷ്ട്രീയപ്രവർത്തനമോ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി പഠനമോ കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ല. വരുന്ന അഞ്ചുവർഷവും നല്ല രീതിയിൽ എല്ലാവരെയും ഉൾപ്പെടുത്തി നല്ലൊരു മേയറായി ഭരിക്കണം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നതിനേക്കാൾ ഇന്ത്യയിലെ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും നല്ല, മാതൃകപരമായി എല്ലാവരെയും നോക്കി, എല്ലാവരുടെയും കാര്യത്തിൽ ഇടപെട്ട മേയറായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങൾക്കുവേണ്ടി നിൽക്കുക, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് മനസിൽ.
ഇരുപത്തിയൊന്നാമത്തെ വയസിൽ പക്വതക്കുറവും വേണ്ടേ. അങ്ങനെയൊരു ലൈഫ് ഉണ്ടോ?
അങ്ങനെ ഒരു വശവും എനിക്കുണ്ട്. കോളേജിലെത്തുമ്പോൾ, അല്ലെങ്കിൽ വീട്ടിലെത്തുമ്പോൾ അമ്മയോടും അച്ഛനോടുമൊക്കെ ചെറിയ മകളായി തന്നെയാണ് സംസാരിക്കുക. കൂട്ടുകാർക്കിടയിൽ കളിയും ചിരിയുമൊക്കെയുണ്ട്. രണ്ടു വശവും ഉണ്ട്. ഗൗരവമായ കാര്യങ്ങളെ അങ്ങനെ തന്നെയാണ് സമീപിക്കുന്നത്. എപ്പോഴും സീരിയസായി ഇരുന്നിട്ടും കാര്യമില്ല, എപ്പോഴും തമാശ കാണിച്ചിട്ടും കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |