തൊടുപുഴ: മിടുമിടുക്കി എന്നു വിളിച്ചാൽ മതിയാവില്ല ശ്രീനന്ദനയെ. തൊടുപുഴ മുട്ടം നന്ദനത്തിലെ ഈ 19കാരി ഇതിനകം സ്വന്തമാക്കിയത് നാല് വിദേശഭാഷകൾ. ജാപ്പനീസും ഫ്രഞ്ചും ഐറിഷ് ഗേലിക്കും ഇംഗ്ലീഷും ഒഴുക്കോടെ സംസാരിക്കും. വിവിധ വാദ്യോപകരണങ്ങൾ സ്വയം മീട്ടി ഈ ഭാഷകളിലെ നൂറിലേറെ പാട്ടുകൾ ആലപിച്ചും പ്രശംസനേടി. ഗിറ്റാർ, വയലിൻ, ഓർഗൻ എന്നിവ കൂടാതെ അത്ര സുപരിചിതമല്ലാത്ത യൂക്കിലേലി, കലിമ്പ, മെലോഡിക്ക എന്നീ വാദ്യോപകരണങ്ങളും കൈകാര്യം ചെയ്യും.
ഫ്രഞ്ചൊഴികെയുള്ള ഭാഷകളും വിദേശ വാദ്യോപകരണങ്ങളും സ്വയം പഠിച്ചതാണ്. പോളിഷും ഇറ്റലിയുമടക്കമുള്ള ഭാഷകൾ സ്വന്തമാക്കാനുള്ള പഠനത്തിലാണിപ്പോൾ. മനോഹരമായി ചിത്രങ്ങളും വരയ്ക്കും. അതും ആരും പഠിപ്പിച്ചതല്ല. അക്രിലിക് പെയിന്റിംഗിൽ ശ്രീനന്ദന വരച്ച കുടചൂടി പുറംതിരിഞ്ഞ് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിന്റെ ഇംഗ്ലീഷ് പതിപ്പിലെ പുറംചട്ടയായി ഉപയോഗിച്ചത്.
ഇംഗ്ലീഷിൽ കവിതയെഴുതി സ്വന്തമായി സംഗീതം നൽകി ആലപ്പിക്കാറുണ്ട് ശ്രീനന്ദന. 'പൊട്ടറ്റോ ചിപ് ക്വീൻ" എന്ന സ്വന്തം യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്യാറുണ്ട്. ഒരു സയൻസ് ഫിക്‌ഷന്റെ പണിപ്പുരയിലാണിപ്പോൾ. വഴിത്തല ശാന്തിഗിരി കോളേജിൽ ബി.എ ആനിമേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ശ്രീനന്ദനയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നത് കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്ററായ അമ്മ ആർ. ബിനുവാണ്.
ഭാഷകളുടെ ലോകത്തേക്ക്
മലയാളം മീഡിയത്തിലായിരുന്നതിനാൽ മൂന്നാം ക്ലാസ് മുതലാണ് ശ്രീനന്ദന ഇംഗ്ലീഷ് പഠിച്ചുതുടങ്ങിയത്. എന്നിട്ടും വളരെവേഗം ഇംഗ്ലീഷിൽ പ്രാവീണ്യം നേടി. ഷേക്സ്പീയറുടെ മിക്ക കൃതികളും ഹാരിപോട്ടറിന്റെ എല്ലാ സീരീസുകളും പത്താം ക്ലാസിലെത്തുംമുമ്പ് വായിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ടി.വിയിൽ കണ്ട ഒരു ജാപ്പനീസ് കാർട്ടൂണിൽ നിന്നാണ് ആ ഭാഷയോട് കൗതുകം തോന്നിയത്. ഇന്റർനെറ്റിൽ നിന്ന് ജാപ്പനീസ് ഭാഷയെക്കുറിച്ച് കൂടുതൽ പഠിച്ചു. ഭാഷ പഠിച്ചപ്പോഴേക്കും ജപ്പാനെന്ന രാജ്യത്തിന്റെ സംസ്കാരവും ആചാരങ്ങളുമെല്ലാം ശ്രീനന്ദന മനസിലാക്കി. പിന്നെ മറ്റു ഭാഷകളും പഠിച്ചുതുടങ്ങി.
''വിദേശഭാഷ പഠിക്കാനുള്ള എളുപ്പമാർഗം കാർട്ടൂണുകൾ കാണുകയാണ്. ഡോറയുടെ പ്രയാണം പോലെ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പല കാർട്ടൂണുകളും വിദേശഭാഷകളിലുള്ളതാണ്. അവ ആ ഭാഷകളിൽ തന്നെ യൂട്യൂബിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ സഹിതം ലഭ്യമാണ്. സിനിമകളും പാട്ടുകളും വിദേശഭാഷ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും.
-ശ്രീനന്ദന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |