തിരുവനനന്തപുരം: പരാതിക്കാരിക്ക് സ്വാഭാവിക നീതി എന്ന നിലയിലാണ് സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
കേസിൽ സർക്കാർ നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചത്. പരാതിക്കാരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നും വിജയരാഘവൻ പറഞ്ഞു. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് മുമ്പും കേസ് സിബിഐക്ക് വിട്ടിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നമ്മുടെ സമൂഹത്തിന്റെ സാമാന്യസഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ് ആരോപണവിധേയരായവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം സോളാർ പീഡനക്കേസിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വർഷമായി ഒരു ചെറുവിരലനക്കാത്തവരാണ് ഇപ്പോൾ കേസ് സി.ബി.ഐക്ക് വിട്ടത്. കേസ് സി.ബി.ഐക്ക് വിട്ട നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഒരു നിയമനടപടിക്കും പോകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |