ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിനോട് അനുഭാവമുളള കൂടുതൽ എം എൽ എ മാർ പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. നമശിവായവും ഒപ്പമുളളവരും ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തർക്കത്തെ തുടർന്ന് ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന നമശിവായം കഴിഞ്ഞദിവസമാണ് പാർട്ടി വിടാനുളള തീരുമാനമെടുത്തത്. ഇന്നുതന്നെ അദ്ദേഹം രാജി പ്രഖ്യാപിക്കും. ഒപ്പമുളള എം എൽ എമാരെയും രാജിവയ്പ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. രണ്ടുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ നമശിവായത്തിന്റെ നീക്കം കോൺഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് കടുത്ത തീരുമാനത്തിന് നമശിവായത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
2016-ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ഉയർത്തിക്കാട്ടിയെങ്കിലും സ്ഥാനം ലഭിച്ചില്ല. പാർട്ടിയിലും ഭരണത്തിലും തനിക്ക് അർഹമായ സ്ഥാനം നൽകുന്നില്ലെന്ന് അദ്ദേഹം പലതവണ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്ന് തർക്കം രൂക്ഷമാവുകയായിരുന്നു.
രാജിക്കുശേഷം ഡൽഹിയിലേക്ക് പോകുന്ന നമശിവായം അവിടെവച്ച് ബി ജെ പി. അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്. വെളളിയാഴ്ച ബി ജെ പി. ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ പുതുച്ചേരിയിലെത്തുന്നുണ്ട്. തന്നോട് അനുഭാവം പ്രകടിപ്പിക്കുന്ന എം എൽ എമാരെ രാജിവയ്പ്പിച്ച് നഡ്ഡയുടെ സാന്നിദ്ധ്യത്തിൽ അവരെ ബി ജെ പിയിൽ അംഗത്വമെടുപ്പിക്കാനുളള ചരടുവലികളും നമശിവായം നടത്തുന്നുണ്ട്. ചില പ്രതിപക്ഷ പാർട്ടികളും നമശിവായത്തെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എം.ഡി.എം.കെയിലും തമിഴ് മാനില കോൺഗ്രസിലും പ്രവർത്തിച്ചതിനു ശേഷമാണ് നമശിവായം കോൺഗ്രസിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |