കോട്ടയം: 1970ലും 133 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലീം ലീഗ്, ജനസംഘം, പി.എസ്.പി, ആർ.എസ്.പി തുടങ്ങിയ പ്രമുഖ പാർട്ടികളെല്ലാം മത്സരരംഗത്തുണ്ടായിരുന്നു. കോൺഗ്രസ് 30 സീറ്റിലും സി.പി.എം 29 സീറ്റിലും സി.പി.ഐ 16 സീറ്റിലും ജയിച്ചു. കേരള കോൺഗ്രസ് 12 സീറ്റ് നേടി . പി.എസ്.പിക്ക് മൂന്ന് സീറ്റാണു കിട്ടിയത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും ആർ.എസ്.പിയും ആറും സീറ്റുകൾ നേടി. ബി.ജെ.പിയുടെ പഴയ മുഖമായ ഭാരതീയ ജനസംഘത്തിന് സീറ്റുകളൊന്നും ലഭിച്ചില്ല. 16 സ്വതന്ത്രർ വിജയിച്ചു. ആകെ രണ്ടു വനിതകളാണ് ജയിച്ചത്. അരൂരിൽ നിന്ന് സി.പി.എമ്മിന്റെ കെ.ആർ. ഗൗരിയമ്മയും മുവാറ്റുപുഴയിൽ നിന്ന് കേരള കോൺഗ്രസിന്റെ പെണ്ണമ്മ ജേക്കബും.
സി. അച്യുതമേനോന്റെ നേതൃത്വത്തിൽ 23 അംഗ മന്ത്രിസഭയ്ക്ക് സി.പി.ഐ രൂപം കൊടുത്തു. 1975 ഒക്ടോബർ 21ന് നിയമസഭയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. മൂന്നുതവണയായി 1977 മാർച്ച് വരെ കാലാവധി നീട്ടി. മുസ്ലീം ലീഗും കേരള കോൺഗ്രസും ആർ.എസ്.പിയും ഈ മന്ത്രിസഭയിൽ അംഗമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ചേർന്നില്ല. കോൺഗ്രസിന്റെ മന്ത്രിമാർകൂടി ഇടയ്ക്ക് അധികാരമേറ്റതിനെതിരായിരുന്നു ആർ.എസ്.പിയുടെ കേന്ദ്ര നേതൃത്വം . ഇതേ തുടർന്ന് ആർ.എസ്.പി. പിളർന്ന് കേരള ആർ.എസ്.പി രൂപീകരിച്ചു.
1977ൽ അടിയന്തരാവസ്ഥ അവസാനിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കേരളത്തിലാദ്യമായി ഒരു മുന്നണിക്ക് തുടർഭരണം ലഭിക്കുന്നത്. സി. അച്യുതമേനോന്റെ നേതൃത്വത്തിലാണ് അടിയന്തിരാവസ്ഥക്കാലത്ത് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും പിന്നീട് കെ. കരുണാകരൻ മുഖ്യമന്ത്രിയായി . കേരളത്തെ പിടിച്ചുലച്ച രാജൻ കേസും മറ്റും പിന്നീടാണ് ഉണ്ടാകുന്നത്.
ഉത്തരേന്ത്യയിൽ ചേരികൾ ഇടിച്ചു തകർക്കുകയും മുസ്ലീം വിഭാഗത്തിനെതിരെ കൊടിയ അനീതി കാട്ടുകയും ചെയ്തതോടെ അടിയന്തരാവസ്ഥക്കെതിരെ ജനങ്ങൾ പ്രതികരിച്ചു . ഇന്ദിരാഗാന്ധി വരെ തോറ്റു. കോൺഗ്രസിന് ഭരണം നഷ്ടമായി. എന്നാൽ കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ ജീവനക്കാർ പേടിച്ച് കൃത്യസമയത്ത് ഓഫീസിൽ വന്നതും കൈക്കൂലി കുറഞ്ഞതും ക്രമസമാധാന നില മെച്ചപ്പെട്ടതുമെല്ലാം ജനങ്ങളിൽ സർക്കാർ അനുകൂല മനോഭാവമുണ്ടാക്കി . ഇത് തുടർ ഭരണത്തിന് വഴിയൊരുക്കി . പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനാൽ രാജനെ പൊലീസ് ഉരുട്ടിക്കൊന്നതടക്കമുള്ള സർക്കാരിന്റെ ക്രൂരതകളൊന്നും ജനങ്ങൾ അറിഞ്ഞതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |