ന്യൂഡൽഹി: കൊവിഡിന്റെ നിഴലിൽ രാജ്പഥിൽ ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും ലോകരാജ്യങ്ങൾക്ക് മുന്നിൽ വിളിച്ചറിയിക്കും. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ ഫ്രാൻസിൽ നിന്നെത്തിയ റാഫേൽ യുദ്ധവിമാനങ്ങൾ ആദ്യമായി പങ്കെടുക്കുന്നു എന്നതാകും ഈ പരേഡിന്റെ ഏറ്റവും വലിയ സവിശേഷത. 36 റാഫേൽ വിമാനങ്ങളിൽ എട്ടെണ്ണമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.
ഇന്ത്യയുടെ സൈനിക ശേഷിയുടെ വാർഷിക പ്രദർശനത്തിൽ ടി -90 ടാങ്കുകൾ, സാംവിജയ് ഇലക്ട്രോണിക് യുദ്ധ സംവിധാനം, സുഖോയ് -30 എം കെ ഐ യുദ്ധവിമാനങ്ങൾ എന്നിവയും ഉൾപ്പെടും. മൊത്തം 38 ഇന്ത്യൻ വ്യോമസേന വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈ-പാസ്റ്റിലുണ്ടാകും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ സി എ) തേജസ്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ധ്രുവസ്ത്ര എന്നിവയും വ്യോമസേന പ്രദർശിപ്പിക്കും.
ലൈറ്റ് കോംബാറ്റ് ഹെലികോപ്‌റ്റർ (എൽ സി എച്ച്), സുഖോയ് -30 എം കെ ഐ യുദ്ധവിമാനം, രോഹിണി റഡാർ എന്നിവയും റിപബ്ലിക്ക് ദിന പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ യുദ്ധസേനയുടെ പ്രധാന യുദ്ധ ടാങ്ക് ടി -90 ഭീമ, യുദ്ധ വാഹനം ബി എം പി- II- ശരത്, ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന്റെ മൊബൈൽ ഓട്ടോണമസ് ലോഞ്ചർ, മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം പിനക, ഇലക്ട്രോണിക് യുദ്ധ സംവിധാനം സാംവിജയ് എന്നിവ പ്രദർശിപ്പിക്കും.
ബംഗ്ലാദേശ് സായുധ സേനയിലെ 122 അംഗങ്ങളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരായ രാജ്യത്തിന്റെ വിജയത്തിന്റെ സുവർണ ജൂബിലി വർഷത്തിന്റെ ആഘോഷവും പരേഡിനിടെയുണ്ടാകും. ഇതിനുപുറമെ കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളുടെ നിശ്‌ചലദൃശ്യങ്ങളുടെ പ്രദർശനവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |