ബംഗളൂരു: ബംഗളൂരുവിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. നഗരപരിധിയിലുളള അപ്പാർട്‌മെന്റിലെ കോമ്പൗണ്ടിലാണ് പുലിയെ കണ്ടത്. ബെന്നാർഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെ മുതൽ പലയിടത്തായി പുലിയെ കണ്ടവരുണ്ട്. പുലിയെ പിടികൂടാൻ വനം വകുപ്പ് പലയിടത്തും കൂട് അടക്കം സ്ഥാപിച്ച് ഊർജിത ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അപ്പാർട്ട്മെന്റിനോട് ചേർന്നുളള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നതെന്നാണ് അനുമാനം. അടുത്തടുത്ത ദിവസങ്ങളിൽ പുലിയെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഹുളിമാവ് തടാകത്തോട് ചേർന്നുളള ബേഗൂർ, കൊപ്പ മേഖലകളിലുളളവരാണ് പുലി ഭീതിയിൽ ദിവസങ്ങളായി ജനങ്ങൾ കഴിയുന്നത്. ബംഗളൂരു നഗരമദ്ധ്യത്തിൽ നിന്ന് 20 കിലോമീറ്ററേ ഇവിടേക്കുളളൂ. ബെന്നാർഘട്ടെ നാഷണൽ പാർക്ക് ഇതിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്.
ബംഗളൂരു നഗരത്തിൽ തന്നെയുളള മാറത്തഹളളിയിലെ സ്‌കൂളിൽ 2016ൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്‌തു. വനമേഖലയിൽ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |