ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 550 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ട്വിറ്റർ തീരുമാനിച്ചു. സാമുദായിക സംഘർഷങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും ട്വീറ്റുകളും കണ്ടെത്തിയതായി ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു. ഇത്തരത്തിലുള്ള 550 അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ട്രാക്‌ടർ റാലിയിൽ ഡൽഹി പ്രതിഷേധക്കാരും പൊലീസും വിവിധയിടങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. ക്രമസമാധാനം പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് കൂടുതൽ സേനാവിന്യാസവും ഇന്റർനെറ്റ് വിച്ഛേദനമടക്കമുളള നടപടികളും കൈക്കൊളേണ്ടി വന്നിരുന്നു. എന്നാൽ സമരത്തിൽ ചില ആളുകൾ നുഴഞ്ഞു കയറി മന:പൂർവ്വം പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
നവംബർ 26നാണ് ഡൽഹി ചലോ എന്ന മുദ്രാവാക്യവുമായി കർഷക സംഘടനകൾ ഡൽഹിയുടെ മൂന്ന് അതിർത്തികളടച്ച് സമരമാരംഭിച്ചത്. കാർഷിക മേഖലയുടെ വളർച്ചയ്‌ക്ക് അനിവാര്യമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് നിയമങ്ങൾക്കെതിരെയാണ് കർഷക സംഘനടകൾ രംഗത്തിറങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |