കോട്ടയം: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന അവാർഡ് ജേതാവായ മധുവിനെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് രാവിലെ 6.30 ഓടെ വീടിനു സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിനാണ് നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു.
തൃപ്പൂണിത്തുറ സൂര്യയ്‌ക്കായി 'അയോദ്ധ്യാകാണ്ഡം' എന്ന നാടകം രചിച്ചാണ് മധു കലാരംഗത്തേക്ക് കടന്നുവന്നത്. ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. ആലത്തൂർ മധുവിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലാണുളളത്. വൈക്കം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.നാടകനടിയായ ഷീബയാണ് മധുവിന്റെ ഭാര്യ (എരുമേലി അംബുജം). മക്കൾ: അർച്ചന, ഗോപിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |