കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ച് കൊണ്ടുമാത്രമേ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂ എന്നുമുളള സി പി എം കേന്ദ്ര കമ്മറ്റിയംഗം എം വി ഗോവിന്ദന്റെ പ്രസ്താവനയെ യു ഡി എഫ് ഏറ്റെടുത്തതോടെ സി പി എം വെട്ടിലായി. ശബരിമല വിഷയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമാക്കി നിറുത്താനുളള കഠിന ശ്രമത്തിലാണ് യു ഡി എഫ്. സിപിഎമ്മും സംസ്ഥാന സർക്കാരും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾ അവർ ഉയർത്തുന്ന സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന ഉണ്ടായത്. ഇതോടെയാണ് സി പി എം വെട്ടിലായത്. പാർട്ടിയുടെ പ്രമുഖ നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. 'കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഎം മാറികൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തെ തന്നെ സി പി എം ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. കേരളത്തിലെ സി പി എമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം.
കെ സുധാകരനും പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 'ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് പ്രസ്ഥാവന. എംവി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോഴാണ്. പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ലെന്നത്. തൊഴിലാളികളോട് മാപ്പുപറയാൻ തയ്യാറാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
അതിനിടെ പറഞ്ഞതിൽ വിശദീകരണവുമായി എംവി ഗോവിന്ദൻ രംഗത്തെത്തി. 'താൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കണമെന്നല്ല പറഞ്ഞത്. ഇന്നത്തെ സാഹചര്യത്തിൽ അത് എങ്ങനെ പ്രയോഗിക്കണമെന്നാണ്. വർഗീയതയ്ക്കെതിരെ വിശ്വാസികളെയും അണിനിരത്തണം. അമ്പലത്തിൽ പോകുന്നവരെ അതിന് അനുവദിക്കണം. ശബരിമല വിധിവന്നാൽ എല്ലാവരുമായും ചർച്ചചെയ്യും' - അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ അനുകൂല അദ്ധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാസമ്മേളനത്തിലായിരുന്നു എംവി ഗോവിന്ദന്റെ പ്രസ്താവന. 'വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല'. അതിനുള്ള സാഹചര്യം ഇവിടെ ഇല്ല. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരംവയ്ക്കാമെന്നാണ്. അതിന് ആവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല.
ഇന്ത്യയിൽ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്ലിമോ പാഴ്സിയോ സിക്കോ ആയി. അത്തരം സമൂഹത്തിൽ ഭൗതിക വാദം പകരം വയ്ക്കാനാവില്ല- എന്നിങ്ങനെയായിരുന്നു പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |