തൃശൂർ: എൽ.ഡി.എഫ് സർക്കാരിനെ വിവാദച്ചുഴിയിലകപ്പെടുത്തിയ ലൈഫ് മിഷൻ ഫ്ളാറ്റിന്റെ ഉറവിടം. മന്ത്രി എ.സി മൊയ്തീന്റെ ജന്മനാട്. കഴിഞ്ഞ തവണ ഫോട്ടോ ഫിനിഷിൽ യു.ഡി.എഫ് തട്ടിയെടുത്ത ജില്ലയിലെ ഏക മണ്ഡലം. വിശേഷണങ്ങൾ ഏറെയുള്ള വടക്കാഞ്ചേരി ഇത്തവണ ഏത് മുന്നണിക്ക് ലൈഫ് നൽകും?..
വെറും 43 വോട്ടിനാണ് കഴിഞ്ഞ വട്ടം യു.ഡി.എഫിലെ അനിൽ അക്കര, എൽ.ഡി.എഫിലെ മേരി തോമസിനെ പരാജയപ്പെടുത്തിയത്. വീണ്ടും അങ്കത്തിന് കളമൊരുങ്ങുമ്പോൾ, അനിൽ അക്കര തന്നെയാവും യു.ഡി.എഫ് സ്ഥാനാർത്ഥി. ലൈഫ് ഫ്ളാറ്റ് അഴിമതി സി.ബി.ഐക്ക് മുന്നിലെത്തിച്ച അനിൽ മണ്ഡലം മാറിയാൽ അത് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധമാവും.
എൽ.ഡി.എഫിൽ കഴിഞ്ഞ തവണ മത്സരിച്ച മേരി തോമസിന് വനിതയെന്ന നിലയിൽ
സാദ്ധ്യതയുണ്ടെങ്കിലും ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളിയുടെ പേരും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ സേവ്യറിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നഗരസഭാ മുൻ വൈസ് ചെയർമാൻ അനൂപ് കിഷോർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ എന്നിവരുടെ പേരും കേൾക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിനാണ് ഇത്തവണയും മുൻതൂക്കം.
അന്ന് സ്ഥാനാർത്ഥി
നിർണയം പാളി
എൽ.ഡി.എഫിലെ ചില അസ്വാരസ്യങ്ങളാണ് കഴിഞ്ഞ തവണ വടക്കാഞ്ചേരി നഷ്ടപ്പെടാനിടയാക്കിയത്. ആദ്യം കെ.പി.എ.സി ലളിതയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയുമായിരുന്നു. പിന്നീടാണ് മേരി തോമസിനെ സ്ഥാനാർത്ഥിയാക്കിയത്. മുമ്പുണ്ടായ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച പരിഹരിച്ച്, അനിൽ അക്കരയ്ക്കെതിരെ മികച്ച മത്സരമെന്ന ലക്ഷ്യമാണ് സി.പി.എം മുന്നോട്ടുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |