തിരുവനന്തപുരം:ഉദ്യോഗാർത്ഥികളെക്കൊണ്ട് കാലു പിടിപ്പിച്ച ആളാണ് യഥാർത്ഥത്തിൽ ഉദ്യോഗാർത്ഥികളുടെ കാലു പിടിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവർ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലു പിടിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് നടയിൽ ഒരു കാലു പിടിപ്പിക്കൽ രംഗം കണ്ടു. യഥാർത്ഥത്തിൽ കാല് പിടിപ്പിച്ചയാളാണ് ഉദ്യോഗാർത്ഥികളുടെ കാലിൽ വീഴേണ്ടത്. എന്നിട്ടു പറയണം എല്ലാ കഷ്ടത്തിനും കാരണം താൻ തന്നെയാണ്, മാപ്പ് നൽകണമെന്ന്. മുട്ടിൽ ഇഴയേണ്ടതും മറ്റാരുമല്ല' , മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചത് എപ്പോഴാണ്? 2014 ജൂണിൽ അതിനായി അന്നത്തെ പി.എസ്.സി ചെയർമാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു? എൻ.ജെ.ഡി (ഉദ്യോഗാർത്ഥികളില്ലാത്ത) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്?
റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴിൽ അന്വേഷകരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നതും ഗൗരവമുള്ള കാര്യമാണ്. കൃത്യമായി പരീക്ഷ നടത്തുകയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും അതിലൂടെ എല്ലാവർക്കും അവസരം ഒരുക്കുകയുമാണ് സർക്കാരിന്റെ നയം. പാവപ്പെട്ട തൊഴിൽ അന്വേഷകരെ അപകടകരമായ രീതിയിൽ സമരം നടത്താൻ പ്രേരിപ്പിക്കുന്നത് ഏത് പ്രതിപക്ഷമായാലും അപകടകരമായ കളിയാണ്. അത് തിരിച്ചറിയാൻ യുവജനങ്ങൾക്ക് കഴിയണം.
ഇവിടെയുള്ളവർക്ക് ഇവിടെത്തന്നെ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിനായി ഉദ്യോഗാർത്ഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി സമൂഹം തിരിച്ചറിയണം. കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കിടയിൽ കുരുങ്ങി അപകടാവസ്ഥയിലേക്ക് പോകുന്ന നില ഉണ്ടാകാതെ ശ്രദ്ധിക്കണം. യുവജനങ്ങളോടൊപ്പം ഈ സർക്കാർ എല്ലാ കാലത്തുമുണ്ടാകും. പക്ഷേ നിയതമായ മാനദണ്ഡങ്ങൾക്കനുസരിച്ചേ റാങ്ക് ലിസ്റ്റിലുള്ളവർക്ക് തൊഴിൽ നൽകാനാകൂ. ഒരാൾ റാങ്ക്
ലിസ്റ്റിൽപ്പെട്ടതു കൊണ്ട് തൊഴിൽ നൽകണമെന്നു പറഞ്ഞാൽ ,നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹതയുണ്ടെങ്കിലെ തൊഴിൽ ലഭിക്കൂ. അത് എല്ലാവരും മനസിലാക്കണം.. സർക്കാർ എല്ലാ കാര്യങ്ങളിലും മാനദണ്ഡങ്ങൾ പുലർത്താനാണ് തയ്യാറായിട്ടുള്ളത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വിലയിരുത്താൻ പ്രക്ഷോഭകർക്ക് കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.
'ബി.ജെ.പി - കോൺഗ്രസ് വ്യത്യാസം നേർത്തുവരുന്നു"
രാജ്യത്ത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം നേർത്തു വരുകയാണെന്നും, വോട്ടെന്ന ചിന്തയിൽ കോൺഗ്രസ് വർഗ്ഗീയതയോട് സമരസപ്പെട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നടത്തുന്ന ഫണ്ട് പിരിവിന്, കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ അങ്ങോട്ട് പോയി സംഭാവന നൽകിയതിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പോണ്ടിച്ചേരിയിൽ കോൺഗ്രസ് എം.എൽ.എമാരിൽ ചിലരിപ്പോൾ ബി.ജെ.പിയിലേക്ക് പോകുന്നു. ജയിച്ച കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോവുകയും , അവിടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയും ചെയ്യുന്നതാണ് രാജ്യത്ത് ഇപ്പോൾ കണ്ടുവരുന്ന രീതി. ഇവിടെ ഏതെങ്കിലും വിഷയത്തിൽ വർഗ്ഗീയതയ്ക്കെതിരെ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ?.. നയപരമായ വ്യത്യാസമില്ലാതാവുമ്പോൾ അത്തരക്കാരെ ആകർഷിക്കാൻ വളരെ എളുപ്പമാണ്. അതാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി അനുഭവിക്കുന്നത്.
മതനിരപേക്ഷതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽ.ഡി.എഫിന്റേത്. ദ്വിഗ്വിജയ് സിംഗിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ചെയ്യുന്നത് ഇവിടത്തെ എം.എൽ.എയും ചെയ്യുമ്പോൾ അതിനെ ന്യായീകരിക്കാൻ കോൺഗ്രസ് കൂട്ടുപിടിക്കുന്നത് അവരുടെ തന്നെ വലിയ നേതാക്കളെയാണ് . ഇത് അത്യന്തം അപകടകരമായ പോക്കാണ്. ആർ.എസ്.എസ് ഉയർത്തുന്ന നിലപാടിന് അംഗീകാരം നൽകുന്ന തരത്തിലുള്ള പോക്ക് ശരിയായ രീതിയിലുള്ളതല്ലെന്ന് മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയണം. ഞങ്ങൾക്ക് ആശയക്കുഴപ്പമില്ല. വർഗ്ഗീയതയെ ശക്തവും അതിരൂക്ഷവുമായി എതിർക്കുന്ന നിലപാട് ഞങ്ങൾ തുടരും- മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |