ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ 68-ാം പിറന്നാൾ ആഘോഷമാക്കി കുടുംബം. സ്വർണ നൂലിൽ നിർമ്മിച്ച 2.5 കി.ഗ്രാം ഭാരമുള്ള സാരിയാണ് ഇഷ്ട ദേവതയായ യെല്ലമ്മയ്ക്ക് സമർപ്പിച്ചത്.
റാവുവിന്റെ മകളും ലെജിസ്ളേറ്റീവ് കൗൺസിൽ അംഗവുമായ കെ. കവിതയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവും ചേർന്നാണ് ഹൈദരാബാദിലെ ദേവീ ക്ഷേത്രത്തിൽ സാരി സമർപ്പിച്ചത്. ചന്ദ്രശേഖർ റാവുവിനെ പ്രീതിപ്പെടുത്താനുളള മന്ത്രിയുടെ ഇന്നത്തെ പരിപാടികളിൽ ഒന്ന് മാത്രമാണിത്. ക്ഷേത്രങ്ങളിൽ മാത്രമല്ല മുസ്ളിം, ക്രിസ്‌ത്യൻ ദേവാലയങ്ങളിലും യാദവ് കെ.സി.ആറിനായി പ്രാർത്ഥനകൾ നടത്തി.
മരുമകൻ സന്തോഷ് കുമാറും റാവുവിനെ പ്രീതിപ്പെടുത്താൻ കച്ചമുറുക്കിയിരിക്കയാണ്.
ബോളിവുഡ്, ചലച്ചിത്ര താരങ്ങളെയും മറ്റ് പ്രധാന വ്യക്തികളെയും സംഘടിപ്പിച്ച് ഒരുകോടി മരത്തൈകൾ നടുന്ന യജ്ഞത്തിന് തുടക്കമിട്ടു.
നിലവിൽ രാജ്യസഭാംഗമാണ് സന്തോഷ്. തെലങ്കാനയിൽ മാത്രമല്ല അടുത്തുള്ള ആന്ധ്രപ്രദേശിലും റാവുവിന്റെ പിറന്നാൾ ആഘോഷിക്കുന്നുണ്ട്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഒരു പുഷ്‌പ നഴ്‌സറിയിൽ പൂക്കൾ ചേർത്ത് കെ. ചന്ദ്രശേഖറിന്റെ രൂപമുണ്ടാക്കി.
രാവിലെ 8.45ന് ഹൈദരാബാദിലെ അമീർപേട്ടിലെ ഗുരുദ്വാരയിലെ പ്രാർത്ഥനയോടെയായിരുന്നു ചന്ദ്രശേഖറിന്റെ പിറന്നാൾ ദിവസം ആരംഭിച്ചത്. തുടർന്ന് ഒമ്പതുമണിയോടെ ബാൽകംപേട്ട് ക്ഷേത്രത്തിലെത്തിയ അദ്ദേഹം അവിടെ സ്വർണ സാരി സമർപ്പിച്ചു. 15 മിനിട്ടിന് ശേഷം ഉജെയ്‌നി മഹാകാളി ക്ഷേത്രത്തിലെത്തി അനുഷ്ഠാനങ്ങൾ നടത്തി. തുടർന്ന് ഹൈദരാബാദ് ക്ലോക്ക് ടവർ പള്ളിയിലും അദ്ദേഹം പ്രാർത്ഥന നടത്തി. അരമണിക്കൂറിന് ശേഷം നാമ്പള്ളി ദർഗയിലും അദ്ദേഹം സന്ദർശനം നടത്തി.
തുടർന്ന് പത്തരയോടെ നെക്ലേസ് റോഡിലുള്ള ജലവിഹാറിൽ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. അവിടെ ചന്ദ്രശേഖർ റാവുവിന്റെ ജീവിതം ആസ്പദമാക്കിയ ത്രീഡി ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു. തെലങ്കാന നിയമസഭാ സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |