കോഴിക്കോട്: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി ഇന്റർനാഷണലിന് കേരള കടൽതീരത്ത് മത്‌സ്യബന്ധനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തളളി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സംസ്ഥാനത്ത് നിയമവിരുദ്ധമായി ഒന്നും നടക്കില്ല. അഴിമതിയുളളതൊന്നും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നു വിജയരാഘവൻ അറിയിച്ചു. കൊയിലാണ്ടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഫയലും എടുത്ത് സംസ്ഥാനത്തെ ദൈനംദിന ഭരണം നടത്തുന്നത് പാർട്ടിയല്ലെന്നും ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങളിൽ വസ്‌തുതകളൊന്നുമില്ലെന്നും മുന്നണിയിൽ അറിയാതെ ഇത്തരം കരാറുണ്ടാകുമോ എന്ന ചോദ്യത്തിന് എ.വിജയരാഘവൻ മറുപടി നൽകി. ചെന്നിത്തല നിരന്തരം അസത്യം പറയും. അദ്ദേഹത്തിന്റെ അസത്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ചർച്ചകൾ നടത്തുമ്പോൾ പോസിറ്റീവായ ഗുണം വേണം.ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് ഇതുപോലെ ചർച്ചകൾ നടത്തിയെങ്കിലും ഫലം ലഭിച്ചില്ല. കേന്ദ്രത്തിൽ ഇപ്പോഴുളളത് നിയമന നിരോധനമാണ്. ലക്ഷക്കണക്കിന് പേർക്ക് ജോലി നൽകുന്നില്ല. എന്നാൽ ഇതിലൊന്നും ചെന്നിത്തലക്ക് സമരമില്ലെന്ന് എ.വിജയരാഘവൻ വിമർശിച്ചു.
ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിലെ സംഭവത്തിൽ സമരക്കാരെ പൊലീസ് ഉപദ്രവിച്ചില്ല. അവരെ സംരക്ഷിക്കുകയായിരുന്നു. ന്യൂനപക്ഷ വർഗീയത പ്രസ്‌താവന പ്രസംഗത്തിനിടയിലെ വാക്കിൽ വന്ന പിഴവാണെന്ന് എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു.താൻ നടത്തിയത് ആർഎസ്എസ് വിരുദ്ധമായ പ്രസംഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |