തിരുവനന്തപുരം: സർക്കാരുമായി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ഇഎംസിസി കമ്പനി. ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങുന്നില്ലെന്നും 5000 കോടിയുടെ പദ്ധതി നടപ്പാക്കുന്നത് വിദേശനിക്ഷേപം വഴിയാണെന്നും കമ്പനി വ്യക്തമാക്കി. സർക്കാരിനെതിരായുളള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇഎംസിസി കമ്പനി ഡയറക്‌ടർ ഷിബു വർഗീസ്. ചെന്നിത്തലയുടെ ആരോപണങ്ങളെല്ലാം കളളമാണ്. ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ അമേരിക്കയിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയാണ് ഇഎംസിസി. തന്റെകുടുംബാംഗങ്ങളും അമേരിക്കൻ പൗരന്മാരുമാണ് കമ്പനിയിലുളളതെന്ന് ഷിബു വർഗീസ് പ്രതികരിച്ചു.ഇഎംസിസിയുടെ സബ്സിഡിയറി കമ്പനി അങ്കമാലി കേന്ദ്രമാക്കി രജിസ്‌റ്റർ ചെയ്‌തതാണ്.
വിദേശ നിക്ഷേപത്തിലൂടെ മത്സ്യബന്ധന ബോട്ടുകൾ, വളളങ്ങൾ, മത്സ്യവിൽപ്പന സ്‌റ്റാളുകൾ എന്നിവ നിർമ്മിക്കാനാണ് 5000 കോടിയുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും ഇതിന്റെ അംഗീകാരം കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
അമേരിക്കൻ കമ്പനിയായ ഇഎംസിസിയ്‌ക്ക് കേരളതീരത്ത് മീൻപിടിക്കാൻ അനുമതി നൽകിയെന്നും ഇത് വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. താൽപര്യ പത്രമോ ആഗോള ടെൻഡറോ വിളിക്കാതെയാണ് കരാറെന്നും 5000 കോടിയുടെ അഴിമതിയിൽ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും ഇ.പി ജയരാജനും പങ്കുണ്ടെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |