കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് എതിർപ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് വ്യക്താക്കി. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
'കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി കൂട്ടിയത്. ഇന്ധന വില വർധനവിനെതിരെ എൽ ഡി എഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് ഒരുകാരണവശാലും കഴിയില്ല. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല'-മന്ത്രി പറഞ്ഞു.
കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ജി എസ് ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും ജി. എസ്. ടി കൗൺസിലും തമ്മിൽ വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്.ഇന്ധനവില നിർണയം ഒരു 'മഹാഭയങ്കര ധർമ്മസങ്കട ' മാണ്. ഇന്ധനവില കുറയ്ക്കാതെ ആരെയും തൃപ്തിപ്പെടുത്താനാവില്ല. ജി. എസ്. ടി ബാധകമാക്കിയാൽ രാജ്യത്താകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്നത് ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഗൗരവമായ ചർച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരവും വേണം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |