മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗവും വൻ അഭിപ്രായം നേടി മുന്നേറുകയാണ്. ദൃശ്യം 2വിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. അതിൽ പ്രത്യേക ശ്രദ്ധ നേടിയ ഒന്നായിരുന്നു ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടേത്. ദൃശ്യത്തിന്റെ വിജയത്തിന് പിന്നിൽ നോട്ട് നിരോധനത്തിനും ഡിജിറ്റൽ ഇന്ത്യക്കും പങ്കുണ്ടെന്നായിരുന്നു സന്ദീപ് കുറിച്ചത്.. ഇപ്പോഴിതാ ദൃശ്യം 2വിന്റെ പോസ്റ്റർ കടമെടുത്ത് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സന്ദീപ് പങ്കുവച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് വേണ്ടിയുള്ള പോസ്റ്ററിലാണ് അദ്ദേഹം ഇത്തവണ ദൃശ്യത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
'അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്ന ദൃശ്യത്തിലെ ജനപ്രിയ ഡയലോഗും പോസ്റ്ററിൽ ചേർത്തിട്ടുണ്ട്. 'അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്നാണ് ഡയലോഗ് മാറ്റിയെഴുതിയിരിക്കുന്നത്. കെ. സുരേന്ദ്രനും സന്ദീപ് വാര്യരും പോസ്റ്ററിലുണ്ട്. 'ഐ ഫീൽ ഇറ്റ്സ് എ ബിഗിനിംഗ് ഓഫ് സംതിംഗ് (ഇത് എന്തിന്റെയോ തുടക്കമാണെന്ന് എനിക്ക് തോന്നുന്നു)' പോസ്റ്ററിന് ഏറ്റവും താഴെയായി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു . #vijayayathra #bjpkeralam #KSurendran
Posted by Sandeep.G.Varier on Saturday, 20 February 2021
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ. സുരേന്ദ്രന്റെ വിജയ യാത്ര. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട്ട് ഉദ്ഘാടനം ചെയ്ത യാത്ര തിരുവനന്തപുരത്ത് മാർച്ച് ആറിന് സമാപിക്കും. സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കടുക്കുന്നുണ്ട്.