തിരുവനന്തപുരം: പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുന്നവർ സിറാജുദ്ദീന്റെ അനുഭവം വായിക്കുന്നത് നല്ലതാണ്. 20 വർഷമായി മുടക്കമില്ലാതെ തുടർന്നുവന്നിരുന്ന ഭാഗ്യപരീക്ഷണം ഒടുവിൽ വിജയിച്ച ജീവിത അനുഭവമാണ് സിറാജുദ്ദീൻ എന്ന വിഴിഞ്ഞം സ്വദേശിക്കുള്ളത്. ഒന്നാംസമ്മാനമായ 80 ലക്ഷം അടിച്ചെന്നുമാത്രമല്ല, ഒപ്പം എടുത്ത ബാക്കി 9 ടിക്കറ്റിനും 8000 രൂപ വീതവും ഇദ്ദേഹത്തിന് തന്നെ ലഭിക്കുകയായിരുന്നു.
സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേ ആണ് ഭാഗ്യം തേടി എത്തിയത് എന്നറിയുന്നിടത്താണ് കൗതുകം. വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദ്ദീനിന് ലോട്ടറി ടിക്കറ്റ് എടുക്കൽ ഒരു ഹരമാണ്. കഴിഞ്ഞ ദിവസത്തെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനത്തിൽ മാത്രമേ സിറാജുദ്ദീൻ തിരഞ്ഞുള്ളൂ. സമ്മാനം ഇല്ലെന്നു കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേ ആണ് ടിക്കറ്റ് വിറ്റ വനിത ഓടി എത്തി സമ്മാനവിവരം അറിയിക്കുന്നത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീൻ. സ്വന്തമായി വീട് ഇല്ലാത്തതിനാൽ ഭാര്യ സീനത്ത്, മക്കളായ ഷഹീറ, ഷഹീർ, ഷബീദ എന്നിവർക്കൊപ്പം ബന്ധുവീട്ടിലാണ് താമസം. വീടും സ്ഥലവും വാങ്ങണം എന്നതാണ് ആദ്യ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |