തിരുവനന്തപുരം: ചൊവ്വാഴ്‌ച മുതൽ കാണാതായ യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷ് ഇന്ന് പുലർച്ചെ തിരികെ വീട്ടിലെത്തി. താൻ വലിയ മനസംഘർഷത്തിലാണെന്നും തൽക്കാലം മാറിനിൽക്കുകയാണെന്നും അറിയിച്ചുകൊണ്ടുളള ഒരു കത്ത് ഇയാളുടെ സ്‌കൂട്ടറിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. നേമം പൊലീസ് സ്‌റ്റേഷന് സമീപത്ത് സ്‌കൂട്ടറും മൊബൈൽഫോണും ഉപേക്ഷിച്ചിട്ടാണ് ഇയാൾ സ്ഥലംവിട്ടിരുന്നത്. തുടർന്ന് ഇയാളുടെ ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുമ്പോഴാണ് ജയഘോഷ് മടങ്ങിയെത്തിയത്.
മാനസിക സംഘർഷം കുറയ്‌ക്കാൻ പഴനിയിലേക്ക് പോയെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. പൊലീസ് വൈകാതെ വീട്ടിലെത്തി ഇയാളുടെ മൊഴിയെടുക്കും. ചൊവ്വാഴ്‌ച ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ച ശേഷമാണ് ഇയാൾ മുങ്ങിയത്. മുൻപ് 2020 ജൂലായ് 16ന് സ്വർണക്കടത്ത് കേസ് അന്വേഷണം ശക്തമായി നടന്ന സമയത്ത് ജയഘോഷിനെ കാണാതായിരുന്നു. പിന്നീട് കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ വീടിനടുത്തുളള കുറ്റിക്കാട്ടിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ഇയാളെ പിന്നീട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |