വേധിക്കപ്പെടുകയെന്നാൽ മുറിയുക, തടയപ്പെടുക, തടസപ്പെടുക എന്നാണ്. സൂത്രങ്ങളെയാകട്ടെ ഊർജസഞ്ചാര പദവഴിയെന്നോ, ആഗിരണ ഗേഹമെന്നോ എന്നും പറയാം. വീട്ടിനുള്ളിലെ ഊർജനാഡിയെന്നും വാസ്തു ഗവേഷണ ശാസ്ത്ര ലോകം ഇതിനെ നിർവചിച്ചിട്ടുണ്ട്. വീടിനുള്ളിൽ ഒരിക്കലും ഊർജനാഡി തടസ്സപ്പെടരുത്. അത് തടസപ്പെട്ടാൽ പ്രവചനാതീതമായ വിപരീത ഫലങ്ങളുണ്ടാകും എന്നാണ് വിശ്വാസം.നേരത്തെ പറഞ്ഞുവല്ലോ ഏറ്റവും നന്നായി വാസ്തു ശാസ്ത്രം മനസിലാക്കാവുന്നത് മനുഷ്യന്റെ ശരീരത്തിൽ നിന്നാണ്. മനുഷ്യ ശരീരത്തിന്റെ രൂപകൽപനയിൽ ചില ഭാഗങ്ങൾ തുറന്നു വയ്ക്കുന്നു. ചിലത് പൂർണമായും അടച്ചും വയ്ക്കുന്നു. വാസ്തുവിലും അതു തന്നെയാണ് സംഭവിക്കുന്നത്.
വീടിനുള്ളിലുണ്ടാകുന്ന ഊർജത്തെ പുറത്തുവിടാൻ ശരീരത്തിലെ ധമനികളോപ്പോലെ തന്നെ വീട്ടിലും വഴികളൊരുക്കണം. ആ വഴികൾ ചെറുതും വലുമുണ്ട്. തെക്കുനിന്നും നേർമദ്ധ്യത്തിൽ വടക്കോട്ടും കിഴക്കുനിന്ന് നേർമദ്ധ്യത്തിൽ പടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറുനിന്ന് വടക്കു കിഴക്കോട്ടും തെക്കു കിഴക്കു നിന്ന് വടക്ക് പടിഞ്ഞാറേയ്ക്കുമുളള ധമനികൾ വലുതും ഈ ധമനികളിൽ നിന്ന് അടുത്തടുത്ത് 30 ഡിഗ്രി വീതം മാറി ഓരോ ദിശയിലും ചെറുതുമായ ധമനികളുമുണ്ട്. വലിയ ധമനികൾ യാതൊരു കാരണവശാവും അടഞ്ഞു പോകരുത്. കൃത്യം എതിർ കാന്ത രേഖയിൽ മാത്രമെ ഇത് ഒഴുകിപ്പോകൂ. ചെറിയ ധമനികളിൽ നിന്ന് 30 ഡിഗ്രി മാറി വരുന്ന ഊർജവിതരണ ശൃഖംലയ്ക്ക് ഒഴുകി പരക്കാൻ കഴിവുണ്ട്. അതിനാൽ അവ ഒഴുകി പരക്കുന്ന വഴികൾ അൽപാൽപ്പം തടസപ്പെട്ടാലും കുഴപ്പമുണ്ടാവില്ല. തടസമില്ലാത്ത വഴി അവയ്ക്ക് സ്വയം കണ്ടെത്തി ഒഴുകി മാറാനാവും. ഇതിൽ അൾട്രാ വയലറ്റിന്റെയും ഇൻഫ്രാറെഡിന്റെയും കണാവരണം കുറവായിരിക്കും. ഒഴുകാത്തവ വീടിനുള്ളിലെ സൂര്യപ്രകാശവുമായി ആഗിരണം ചെയ്യപ്പെട്ട് പോകുകയും ചെയ്യും. അതിനാണ് വീടിനുള്ളിലേയ്ക്ക് കൂടുതൽ വെളിച്ചം കടന്നു വരണമെന്ന് പറയാറുള്ളത്. ആധുനിക വീടുകളിൽ കണ്ടുവരുന്ന പർഗോള വീട്ടിനുള്ളിലേയ്ക്ക് വെളിച്ചം കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
വലിയ ധമനികളിൽ നിന്നും ചെറിയ ധമനികളിൽ നിന്നും വരുന്ന പ്രാണികോർജങ്ങൾ എപ്പോഴും ഒഴുകി സമ്മേളിച്ചുകൊണ്ടേയിരിക്കുന്ന കേന്ദ്രങ്ങളും എല്ലാ വീടുകളിലുമുണ്ട്. ആ സംഗമ കേന്ദ്രങ്ങളെ മർമ്മങ്ങളെന്നോ മഹാ മർമ്മങ്ങളെന്നോ പറയാറുണ്ട്. മർമ്മങ്ങളും മഹാ മർമ്മങ്ങളും സമ്മേളിതമാകുന്ന സ്ഥലങ്ങളിൽ യാതൊരു കാരണവശാലും ഭിത്തിയോ നിർമ്മാണങ്ങളോ വന്നു ചേരരുത്. ചിലയിടത്ത് ഈ ഭാഗങ്ങളിൽ സ്റ്റെയർ കയറി വരുന്നത് കണ്ടിട്ടുണ്ട്. ചിലയിടത്ത് ഭിത്തിയാവും പ്രശ്നം. മറ്റു ചിലയിടത്ത് മഹാമർമ്മങ്ങളിൽ ബാത്തുറൂമുകൾ പോലും വന്ന ഏറെ വീടുകൾ കണ്ടിട്ടുണ്ട്. ഊർജവിധാന കോമ്പസിന്റെ സഹായത്തോടെ പരിഹരിക്കാം. പുതിയ വീടുകൾ വയ്ക്കുമ്പോൾ ആദ്യം മുതലേ ആസൂത്രണം നടത്തിയാൽ ഈ പ്രശ്നങ്ങൾ ചെറുതായിപ്പോലും വീടുകളിൽ വരാതെ ക്രമപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |