വാഷിംഗ്ടൺ: മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ സൗദി അറേബ്യൻ പൗരന്മാർക്കെതിരെ ബൈഡൻ ഭരണകൂടം വിസ ഉപരോധം ഏർപ്പെടുത്തി. അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഉപരോധം ഏർപ്പെടുത്തിയിട്ടില്ല.
സൗദി രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി അഹമ്മദ് അൽ അസിരിക്കും, സൗദി റോയൽ ഗാർഡിന്റെ ആർഐഎഫിനും യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം ഏർപ്പെടുത്തി. ഇവരുടെ കുടുംബാംഗങ്ങൾക്കും വിലക്ക് ബാധകമായിരിക്കും.
ഖഷോഗിയെ കൊലപ്പെടുത്താൻ മുഹമ്മദ് ബിൻ സൽമാൻ അനുവാദം നൽകിയെന്നാരോപിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഇന്നലെ യു എസ് പുറത്തുവിട്ടിരുന്നു. ആദ്യമായിട്ടാണ് കൊലയ്ക്കുപിന്നിൽ സൽമാന് പങ്കുണ്ടെന്ന് ഔദ്യോഗികമായി അമേരിക്ക ആരോപിക്കുന്നത്.
ഖഷോഗിയെ വ്യക്തിവൈരാഗ്യത്തെത്തുടർന്ന് കൊലപ്പെടുത്താൻ സൽമാൻ തീരുമാനിക്കുകയായിരുന്നെന്നും, മരണത്തിൽ സൽമാന് വ്യക്തമായ പങ്കുണ്ടെന്നും തെളിയിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾമുമ്പ് ബൈഡൻ സൗദി ഭരണാധികാരിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും അമേരിക്ക നൽകുന്ന പ്രധാന്യത്തെക്കുറിച്ചാണ് ബൈഡൻ അദ്ദേഹത്തോട് സംസാരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
2018 ഒക്ടോബർ രണ്ടിന് തുർക്കി ഈസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽവെച്ചാണ് അമ്പത്തൊമ്പതുകാരനായ ഖഷോഗി കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരായ നടപടിയിൽ ആളുമാറിയാണ് ഖഷോഗിയെ വധിച്ചതെന്ന് സൗദിഭരണകൂടം സമ്മതിച്ചിരുന്നെങ്കിലും, സംഭവത്തിൽ കിരീടാവകാശിയുടെ പങ്ക് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |