തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഇടതുതരംഗത്തിൽ യു.ഡി.എഫിനെ കൈവിട്ടത് 29 സിറ്റിംഗ് സീറ്റുകൾ. കോട്ടയം മാത്രം കൂടെ നിന്നപ്പോൾ മറ്റെല്ലാ ജില്ലകളിലും അടിപറ്റി. വലിയ പണി കൊടുത്തത് തലസ്ഥാന ജില്ലയാണ്. അതേസമയം, ഇടതിൽ നിന്ന് നാലെണ്ണം തിരിച്ചുപിടിച്ചു. ഇടതുപക്ഷത്തിന് 29 എണ്ണം പുതുതായി കിട്ടിയപ്പോൾ അഞ്ചെണ്ണം കൈമോശം വന്നു. അക്കൂട്ടത്തിലൊന്ന് ബി.ജെ.പിയാണ് കൊണ്ടുപോയത്, നേമം.
ഉപതിരഞ്ഞെടുപ്പുകൾ വന്നപ്പോൾ കൈയിലിരുന്ന മൂന്ന് സീറ്റുകൾ കൂടി യു.ഡി.എഫിന് ബലി നൽകേണ്ടിവന്നു. പാലായും കോന്നിയും വട്ടിയൂർക്കാവും. ഇടതിൽ നിന്ന് ഒന്ന് തിരിച്ചുകിട്ടി, അരൂർ. മൊത്തത്തിൽ നോക്കിയാൽ യു.ഡി.എഫിന് നഷ്ടം 27. എൽ.ഡി.എഫിന് നേട്ടം 23. ഈ കണക്കിനെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയക്കാറ്റിനായി ഉറ്റുനോക്കുന്നു യു.ഡി.എഫ്. 2016ൽ നിർദ്ദയം പെരുമാറിയ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇക്കുറി പ്രകടനം മെച്ചപ്പെടുത്താൻ കിണഞ്ഞദ്ധ്വാനിക്കണം. കൈയിൽ മൂന്ന് സീറ്റുകൾ മാത്രമുള്ള തിരുവനന്തപുരം ജില്ലയിലും സ്ഥിതി സമാനം.
എറണാകുളത്തിനിപ്പുറമുള്ള തെക്കൻ ജില്ലകളിലെ എ ക്ലാസ് മണ്ഡലങ്ങളിൽ കോൺഗ്രസിന് ജീവന്മരണപോരാട്ടമാകും. കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി, കല്പറ്റ, കൊടുവള്ളി, തിരുവമ്പാടി, നിലമ്പൂർ, താനൂർ, പട്ടാമ്പി, ചിറ്റൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, ചെങ്ങന്നൂർ, ആറന്മുള, ചവറ, ഇരവിപുരം, വർക്കല, നെടുമങ്ങാട്, കഴക്കൂട്ടം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്. പൂഞ്ഞാറിൽ സിറ്റിംഗ് എം.എൽ.എയായിരുന്ന പി.സി. ജോർജ്, സ്വതന്ത്രനായി മാറിയതിനാൽ ഫലത്തിൽ യു.ഡി.എഫിന് അതും നഷ്ടം തന്നെ.
കൊടുവള്ളി, തിരുവമ്പാടി, താനൂർ, ഇരിങ്ങാലക്കുട, ചവറ, ഇരവിപുരം എന്നിവയൊഴിച്ച് ശേഷിക്കുന്ന 23 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാരായിരുന്നു. കൊടുവള്ളിയും തിരുവമ്പാടിയും താനൂരും മുസ്ലിം ലീഗും ഇരിങ്ങാലക്കുടയിൽ മാണിഗ്രൂപ്പും ചവറയിലും ഇരവിപുരത്തും ആർ.എസ്.പിയുമായിരുന്നു. ഇടതുമുന്നണിക്ക് കൈവിട്ടവ കുറ്റ്യാടി, പെരുമ്പാവൂർ, അങ്കമാലി, നേമം, കോവളം. ഇവയിൽ അങ്കമാലിയിലും കോവളത്തും ജനതാദൾ-എസ് ആയിരുന്നു. ബാക്കിയിടങ്ങളിൽ സി.പി.എമ്മും.
2011ൽ നെയ്യാറ്റിൻകരയിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി ജയിച്ച ആർ. സെൽവരാജ് കൂറുമാറി കോൺഗ്രസിൽ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കുകയായിരുന്നു. ആ സീറ്റാണ് സി.പി.എം പിടിച്ചെടുത്തത്. 2000ൽ താഴെ വോട്ടിന് യു.ഡി.എഫിന് കൈവിട്ടവ: കണ്ണൂർ (1196), മാനന്തവാടി (1307), കൊച്ചി (1086). ആയിരത്തിൽ താഴെ വോട്ടിന് നഷ്ടമായവ: കൊടുവള്ളി (573) കാട്ടാക്കട (843). ഇടതുമുന്നണിക്ക് കുറ്റ്യാടി നഷ്ടമായത് 1157വോട്ടിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |