തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചും കേരളം മാറിമാറി ഭരിച്ച മുന്നണികളുടെ വികസന നയത്തെ വിമർശിച്ചും യാക്കോബായ സഭ നിരണം ഭദ്രാ സനാധിപൻ ഗീവർഗീസ് മാർ കുറിലോസ്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗീവർഗീസ് മാർ കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചോദിക്കാതെ വയ്യ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേർച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും "പൗര പ്രമുഖ"രുമായുള്ള കൂടികാഴ്ച്ചകളും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തിൽ ഇപ്പോഴും അരികുവൽക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ "വികസന"ത്തിൽ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? "പൗരപ്രമുഖരിൽ " എന്ന് ഈ സമൂഹങ്ങൾക്കു പ്രാധിനിത്യം ലഭിക്കും? "കട "പ്പുറത്തു നമ്മൾ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങൾ പോലും നമ്മുടെ പൊതു രാഷ്ട്രീയ "discourse " ഇൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണർത്തുന്നു...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |