തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ പൊതു മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് നേതാക്കളുടെ കത്ത്. ടി എൻ പ്രതാപൻ അടക്കമുളള നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. രണ്ട് തവണ തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്നാണ് പ്രധാന ആവശ്യം.
ഉമ്മൻ ചാണ്ടി ഒഴികെ അഞ്ച് തവണ എം എൽ എ ആയവരെ ഒഴിവാക്കണമെന്നാണ് മറ്റൊരു നിർദേശം. പ്രാദേശികമായി ജനസ്വാധീനമുളളവർക്ക് സീറ്റ് നൽകണമെന്നും ഓരോ ജില്ലയിലും ജില്ലയിൽ നിന്നുളളവർ തന്നെ മത്സരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതംവയ്‌പ്പ് അനുവദിക്കരുത്. എല്ലാ ജില്ലയിലും വനിതാ സ്ഥാനാർത്ഥിയുണ്ടാവണം. ജയസാദ്ധ്യതയുളള സീറ്റ് തന്നെ വനിതകൾക്ക് നൽകണം തുടങ്ങിയവയാണ് കത്തിലെ മറ്റ് ആവശ്യങ്ങൾ.
എല്ലാ ജില്ലയിലും 40 വയസിന് താഴെ പ്രായമുളള രണ്ട് പേർക്കെങ്കിലും അവസരം നൽകണം. ഇതിലൂടെ കെ എസ് യു, യൂത്ത് കോൺഗ്രസ് എന്നിവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന നിർദേശവും നേതാക്കൾ ആവശ്യപ്പെടുന്നു. നേതാക്കൾ കത്തയച്ചതിന് പിന്നാലെ തൃശൂർ അടക്കമുളള ജില്ലകളിലെ ആദ്യഘട്ട സാദ്ധ്യത പട്ടിക ഹൈക്കമാൻഡ് മടക്കി അയച്ചെന്നാണ് വിവരം.
എ ഐ സി സി നടത്തിയ സർവേയിൽ തൃശൂരിൽ നിന്ന് ലഭിച്ച സാദ്ധ്യത പട്ടികയിൽ ഇടം നേടിയ ഒരാൾ പോലും വിജയിക്കില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ പത്മജാ വേണുഗോപാൽ അടക്കമുളളവർ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം പത്മജ മണ്ഡലത്തിലുണ്ടായിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് അവരെ എതിർക്കുന്ന നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |