അയോദ്ധ്യ : ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിനായി രാജ്യമെമ്പാടും നടന്ന ധനസമാഹരണ യജ്ഞം 45 ദിവസത്തിന് ശേഷം ശനിയാഴ്ച അവസാനിച്ചിരുന്നു. ധനസമാഹരണ യജ്ഞത്തിലൂടെ 2,100 കോടി രൂപ സമാഹരിച്ചതായി ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ക്ഷേത്ര സമുച്ചയം നിർമ്മിക്കുന്നതിനായി 1100 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും ആയിരം കോടി അധികം ലഭിച്ച സന്തോഷത്തിലാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോൾ.
രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ നിന്നു പോലും ജനം ഇരു കൈയ്യും നൽകിയാണ് ക്ഷേത്ര നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളാവാൻ മുന്നോട്ട് വന്നത്. ഹിന്ദുസമുദായത്തിന് പുറത്തുള്ളവരും ക്ഷേത്രനിർമ്മാണത്തിനായി ഉദാരമായി സംഭാവന ചെയ്തിരുന്നു. കറൻസിക്ക് പുറമേ സ്വർണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകൾ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തിൽ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. വെള്ളിക്കട്ടകൾ സൂക്ഷിക്കുവാൻ ലോക്കറുകളിൽ സ്ഥലമില്ലാത്തതിനെ തുടർന്നായിരുന്നു ഇത്.
അതേസമയം കണക്കാക്കിയതിലും അധികമായി ലഭിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന ചർച്ചയും ആരംഭിച്ചിട്ടുണ്ട്. അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്നും, അതല്ല സീതാദേവിയുടെ പേരിൽ സംസ്‌കൃത സർവകലാ ശാല നിർമ്മിക്കണമെന്നും അഭിപ്രായമുണ്ടായി, അയോദ്ധ്യയിലെത്തുന്നവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾക്കായി പണം ഉപയോഗിക്കണമെന്നും ആലോചനയുണ്ട്. അയോധ്യയിലെ തകർന്നുകിടക്കുന്ന ക്ഷേത്രങ്ങൾ നവീകരിക്കാൻ ഈ പണം ഉപയോഗിക്കണമെന്ന അഭിപ്രായമാണ് ഹനുമാൻ ഗാരി ക്ഷേത്ര പുരോഹിതൻ മഹാന്ത് രാജു ദാസിനുള്ളത്.
ഈ വർഷം ജനുവരി 15 നാണ് ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ ആരംഭിച്ചത്, ഭക്തർ സംഭാവന ചെയ്യുന്ന പണം ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക പരിഗണനയാണ് ട്രസ്റ്റ് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |