തിരുവനന്തപുരം: കുഞ്ഞുമകൾക്കൊപ്പം കായലിൽ ചാടി യുവതിയും പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി സഹോദരിയും ജീവനൊടുക്കിയ സംഭവത്തിൽ ആറുവർഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. അയിരൂർ വേങ്കോട് ചരുവിള വീട്ടിൽ റഹീമിന്റെ ഭാര്യ ജാസ്മിൻ (33), മകൾ ഫാത്തിമ, ജാസ്മിന്റെ സഹോദരി സജ്ന (26) എന്നിവരുടെ മരണങ്ങളാണ് ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നത്. 2015 നവംബർ 29ന് വൈകുന്നേരം ജാസ്മിനും മകളും ആക്കുളം കായലിൽ ചാടിയും ഈ വിവരമറിഞ്ഞ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ സജ്ന പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടിയുമാണ് ജീവനൊടുക്കിയത്. മരണമറിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ റഹീമിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചുവർഷം പിന്നിട്ടിട്ടും ആത്മഹത്യയുടെ കാരണങ്ങളോ അതിന് പ്രേരിപ്പിച്ചവരാരെന്നോ കണ്ടെത്താനായിട്ടില്ല.
രക്ഷപ്പെട്ടത് മൂന്നു പേർ
സഹോദരി സജ്ന ബംഗളൂരുവിൽ ഇന്റർവ്യൂവിന് പങ്കെടുക്കാൻ പോയ സമയത്താണ് ജാസ്മിനും അമ്മയും മൂന്നുമക്കളും കാറിൽ താമസ സ്ഥലത്തുനിന്ന് കിലോ മീറ്ററുകൾ അകലെയുള്ള ആക്കുളം പാലത്തിലെത്തിയത് . മൂത്ത രണ്ടു കുട്ടികളോട് കായലിൽ ചാടണമെന്ന് നിർദ്ദേശിച്ചശേഷം ഇളയ കുഞ്ഞിനെയുമെടുത്ത് ജാസ്മിനും പിന്നാലെ അമ്മയും കായലിലേക്ക് ചാടി. പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ തയ്യാറെടുത്തു നിന്ന രണ്ട് കുട്ടികളെയും അതുവഴി വന്ന ഒാട്ടോറിക്ഷാ ഡ്രൈവർ തടഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു. മത്സ്യബന്ധനവലയിൽ കുടുങ്ങിയ ജാസ്മിന്റെ അമ്മയെയും രക്ഷിച്ചു. എന്നാൽ, ഒഴുക്കിൽപ്പെട്ട് മുങ്ങിയ ജാസ്മിനെയും ഇളയമകളെയും രക്ഷിക്കാനായില്ല. സഹോദരിയും മകളും ജീവനൊടുക്കിയ വിവരമറിഞ്ഞ് ബംഗളൂരുവിൽ നിന്നെത്തിയ സജ്ന അടുത്ത ദിവസം രാവിലെ പേട്ടയിൽ എത്തി ജീവനൊടുക്കുകയായിരുന്നു.
സംശയനിഴലിൽ ഉറ്റബന്ധുക്കൾ?
ജാസ്മിന്റെ ഉറ്റ ബന്ധുക്കളാണ് മുംതാസും മെഹർബാനും. രണ്ടുതവണ വിവാഹിതയായ മുംതാസിന്റെ രണ്ട് ഭർത്താക്കൻമാരും മരിച്ചശേഷം മുതാസ് ബസുടമയായ നാസറെന്നയാളുമായി അടുപ്പത്തിലായിരുന്നുവത്രേ. മുംതാസുമായുള്ള അടുപ്പം മുതലെടുത്ത് ജാസ്മിന്റെ വീടുമായി ബന്ധം സ്ഥാപിച്ച നാസർ ഗൾഫിലുള്ള റഹിമിന്റെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാമെന്ന ഉറപ്പിൽ ചില റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി. റഹിം അറിയാതെ ഇതിൽ പണം നിക്ഷേപിച്ച ജാസ്മിന് ലക്ഷങ്ങൾ നഷ്ടമായി.
ആലംകോട്ടുള്ള വസ്തു വില്പനയ്ക്കിടയിൽ ചില ‘നാടക’ങ്ങളും ഭീഷണിയുമൊക്കെ നടത്തി നാസറും കൂട്ടരും പണം കൈക്കലാക്കുകയായിരുന്നത്രെ. കടക്കെണിയിൽ നിന്ന് കരകയറാനാകാതെ വലഞ്ഞ ജാസ്മിനെയും സജ്നയെയും നാസറും മുംതാസും , മെഹർബാനും വേട്ടയാടുന്നത് പതിവായതോടെയാണ് അമ്മയെയും മക്കളെയും കൂട്ടി ജാസ്മിൻ ആത്മഹത്യയ്ക്ക് തുനിഞ്ഞത്. മരണത്തിന് കാരണം രണ്ട് സ്ത്രീകളാണെന്ന ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നാസറിനെയും മുംതാസിനെയും മെഹർബാനെയും പേട്ട പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്
ലോക്കൽ പൊലീസിൽ നിന്ന് കൈമാറിയ ശേഷം കഴിഞ്ഞ അഞ്ചുവർഷമായി ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. പണമിടപാടുകളും സാമ്പത്തിക ചൂഷണങ്ങളും സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതികളുടെയും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെയും ഫോൺ കോൾ വിശദാംശങ്ങളും എസ്.എം.എസ് സന്ദേശങ്ങളും ഉൾപ്പെടെ ചില തെളിവുകൾ കൂടി ഫോറൻസിക് ലാബിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാലുടൻ കേസുമായി ബന്ധമുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുമെന്നും കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |