തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ജോയിന്റ് ആർ.ടി.ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടാൻ ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാത്തതു കാരണം മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം അവതാളത്തിലാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സെപ്തംബർ 16ന് കേരളകൗമുദി പ്രസിദ്ധീകരിച്ച 'സ്ഥാനക്കയറ്റത്തെ ചൊല്ലി മോട്ടോർ വാഹന വകുപ്പിൽ അങ്കക്കലി' എന്ന വാർത്ത കൂടി പരിഗണിച്ചാണ് ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഉത്തരവിറക്കിയത്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ജോയിന്റ് ആർ.ടി.ഒ മുതൽ മുകളിലുള്ള തസ്തികകളിൽ മിനിസ്റ്റീരിയൽ ജീവനക്കാരുമെത്തുന്ന വിധത്തിലുള്ള നിലവിലെ പ്രൊമോഷൻ സംവിധാനം മാറ്റണമെന്ന നിരവധി റിപ്പോർട്ടുകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്നും ഒരുമിച്ച് ജോലി ചെയ്യുന്നവർ അതുമൂലം പരസ്പരം പോരടിക്കുന്നുവെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.
ഓഫീസ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടുമാരിൽ നിന്നും വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ നിന്നുമാണ് ജോ.ആർ.ടി.ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഓഫീസ് വിഭാഗത്തിലെ ജീവനക്കാരെ സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്തികകളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വാഹനാപകടങ്ങൾ കുറയ്ക്കാൻ വേണ്ടി രൂപീകരിച്ച സുപ്രീംകോടതിയുടെ പ്രത്യേക സമിതിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും യോഗ്യത ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
മോട്ടോർവാഹനവകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് മിനിസ്റ്റീരിയിൽ വിഭാഗങ്ങളിൽ നിന്നു 2:1 എന്ന ക്രമത്തിലാണ് ജോ.ആർ.ടി.ഒ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇതിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നുള്ളവരെല്ലാം സാങ്കേതിക യോഗ്യതയുള്ളവരാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണം എന്നിവ സംബന്ധിച്ച് നിർണായക തീരുമാനം എടക്കേണ്ട തസ്തികകളിൽ സാങ്കേതിക യോഗ്യതയില്ലാത്തവർ എത്തുന്നത് വകുപ്പിന്റെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |