തിരുവനന്തപുരം: വ്യാജ മൊഴി നൽകി വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് കലാഭവൻ സോബി ജോർജിനെ പ്രതിയാക്കാൻ അനുമതി തേടി സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ടി.പി.അനന്തകൃഷ്ണൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി.
ബാലഭാസ്കറിന്റെ അപകടമരണത്തിൽ അന്വേഷണം നടക്കുന്നതിനിടെ സോബി വ്യാജമൊഴി നൽകി സി.ബി.എെ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.. സോബിയെ വോയ്സ് അനാലിസിസ് ടെസ്റ്റിന് വിധേയനാക്കിയപ്പോൾ തന്നെ, പറയുന്നത് പച്ചകളളമാണെന്ന് ബോധ്യമായി. പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയെങ്കിലും സോബി പൂർണമായി സഹകരിച്ചില്ല. ബ്രയിൻ ഫിംഗർ പ്രിന്റ്, നാർക്കോ അനാലിസിസ് പരിശോധനകൾക്ക് വിധേയനാകാൻ സോബി സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
2018 സെപ്തംബർ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പളളിപ്പുറത്ത്അപകടത്തിൽപ്പെട്ടത്. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് ബാലഭാസ്കറും കുടുംബവും ആക്രമിക്കപ്പെട്ടെന്നാണ് സോബി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ബാലഭാസ്കറിന്റെ നീല ഇന്നോവ കാറിനെ മൂന്ന് കാറുകളിലെത്തിയവർ അക്രമിച്ചെന്നും, മൂന്ന് നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ കാർ അപകടത്തിൽപ്പെട്ടെന്നും മൊഴിനൽകി. ബാലഭാസ്കറിനെയും കുടുംബത്തേയും സഹായിക്കാൻ പോയ തന്നെ ഒരാൾ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി. അക്രമിച്ചവരുടെ കൂട്ടത്തിൽ ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും ഉണ്ടായിരുന്നതായും സോബി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |