തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദ്ദേശം ചീഫ് ഇലക്ടറൽ ഓഫീസർ പുറത്തിറക്കി. പ്രവർത്തകരും സ്ഥാനാർത്ഥികളും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.മാസ്‌ക് ധരിക്കാതെ പ്രചാരണത്തിനിറങ്ങരുത്. സാനിറ്റൈസർ, തെർമൽ സ്‌കാനിംഗ് എന്നിവ പ്രചാരണ ഓഫീസുകളിലടക്കം കരുതണം. പൊതുയോഗങ്ങളും റാലികളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ഇതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർമാരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. കളക്ടർ നിർദ്ദേശിക്കുന്നിടത്തേ സമ്മേളനം നടത്താവൂ. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നോഡൽ ഹെൽത്ത് ഓഫീസർമാർ നിരീക്ഷിക്കും.നിയന്ത്രണം പാലിക്കുന്നത് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ആരോഗ്യ വകുപ്പ് ഡയറക്ടർ കൺവീനറും മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി, അഡിഷണൽ ചീഫ് ഇലക്‌ഷൻ ഓഫീസർ, അഡിഷണൽ ഡയറക്ടേഴ്സ് പ്ളാനിംഗ് ആൻഡ് വിജിലൻസ് എന്നിവർ അംഗങ്ങളായി സംസ്ഥാനതല ആരോഗ്യ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കും.
മറ്റ് നിർദ്ദേശങ്ങൾ
വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർ മാത്രം
റോഡ് ഷോയ്‌ക്ക് സ്ഥാനാർത്ഥിക്കൊപ്പം അഞ്ച് വാഹനങ്ങൾ
ഒരു സ്ഥാനാർത്ഥിയുടെ വാഹനം പോയി അരമണിക്കൂർ കഴിഞ്ഞേ അടുത്ത സ്ഥാനാർത്ഥിയുടേത് അതുവഴി വരാവൂ
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് വാഹനങ്ങൾ മാത്രം, സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം
നിയന്ത്രണം പാലിക്കുന്നത് ഉറപ്പാക്കാൻ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ചീഫ് ഇലക്ടറൽ ഓഫീസിൽ കോ- ഓർഡിനേഷൻ