SignIn
Kerala Kaumudi Online
Saturday, 05 July 2025 9.01 PM IST

മോദിയുടെയും അമിത്ഷായുടെയും ആശീർവാദത്തോടെയാണ് മുഖ്യമന്ത്രി പ്രവ‌ർത്തിക്കുന്നത്; യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ പ്രവർത്തിച്ച പി ആർ ഏജൻസിയെ പിണറായി സ‌ർക്കാ‌ർ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധബന്ധം ഓരോ ദിവസവും മറനീക്കി പുറത്തുവരികയാണെന്നും അതിന് ഒടുവിലത്തെ ഉദാഹരമാണ് ആർ.എസ്.എസ് അനുകൂലിയായ ''ആത്മീയാചാര്യ''ന് യോഗാ സെന്റർ ആരംഭിക്കാൻ മുഖ്യമന്ത്രി ഭൂമിവിട്ടു നൽകിയതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്ക് ആർ.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്താൻ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും സമാനമായ വെളിപ്പെടുത്തലാണ് നടത്തിയിരുന്നത്. സംഘപരിവാർ ശക്തികളുമായി ചേർന്ന് സി.പി.എം കളിക്കുന്നത് അപകടരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എമ്മും ആർ.എസ്.എസും പരസ്പ്ര ധാരണയുടെ അടിസ്ഥാനത്തിലാണ് പോകുന്നതെന്ന് താൻ പലപ്പോഴും ചൂണ്ടിക്കാട്ടിയതാണ്. അതിന് തെളിവാണ് ഇരുപാർട്ടിയിലെയും നേതാക്കൾ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ കുറിച്ച് ഇക്കണോമിക്‌സ് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'ദ ആർഎസ്എസ് ആന്റ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ. ആശയപരമായും പ്രത്യയശാസ്ത്രപരമായും സി.പി.എമ്മും ആർ.എസ്.എസ് ഒരേ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയെന്നത് ശരിവെയ്ക്കുന്നതാണ് നേതാക്കളുടെ രഹസ്യസംഗമത്തിലൂടെ വെളിപ്പെടുന്നത്.

കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കാൻ ബി.ജെ.പിയെ സി.പി.എം സഹായിക്കുകയാണ്. അതിന് പ്രത്യുപകാരമായിട്ടാണ് സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട കേസുകൾ കേന്ദ്ര സർക്കാർ ഒതുക്കി തീർത്തത്. ഈ ഒത്തുകളിയുടെ ഭാഗമാണ് മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ലാവ്‌ലിൻ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട് കേസുകൾ ആവിയായി പോകാൻ കാരണം. മോദിയുടെയും അമിത്ഷായുടെയും ആശീർവാദത്തോടെയാണ് മുഖ്യമന്ത്രി കേരളത്തിൽ പ്രവർത്തിക്കുന്നത്. ബി.ജെ.പിയ്ക്ക് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെയും പോലീസ് സേനയുടെയും തലപ്പത്ത് പ്രതിഷ്ഠിച്ചതും അതിന്റെ ഭാഗമാണ്. തുടർന്ന് സ്വന്തം പാർട്ടിക്കാർക്കെതിരെ യു.എ.പി.എ എന്ന കരിനിയമം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. സി.പി.എമ്മിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായ പ്രവർത്തകരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി.

ആർ.എസ്.എസ് ബാന്ധവത്തിന് ശേഷമാണ് സി.പി.എം ആക്ടിങ് സെക്രട്ടറി ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രസംഗങ്ങളും തുടരെത്തുടരെ നടത്തിയത്. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണമായും അംഗീകരിക്കുന്ന നിലപാടാണ് പല സി.പി.എം നേതാക്കളും സമീപകാലത്ത് സ്വീകരിച്ചത്. ഇതെല്ലാം ബോധപൂർവമാണെന്ന് ഇപ്പോൾ വ്യക്തമായി. തില്ലങ്കേരി മോഡൽ വോട്ട് കച്ചവടം സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നത് ഇതേ രഹസ്യധാരണയുടെ പുറത്താണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പ്രവർത്തിച്ച അതേ പി.ആർ ഏജൻസിയെ കേരള സർക്കാരിന്റെ സമൂഹിക മാദ്ധ്യമ പ്രചാരണത്തിന് മുഖ്യമന്ത്രി തിരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

TAGS: MULLAPPALLY, MULLAPPALLI RAMACHANDRAN, PINARAYI VIJAYAN, SRI M, BJP, CPM, AMIT SHAW, KANNUR, MODI, YOGI ADITYAANTH, YOGI ADITYANATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.