പാലക്കാട്: കലാപക്കൊടിയുയർത്തിയ മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെയും ശ്രമം പാളി. പലപ്പോഴായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത, തന്നോടൊപ്പം നിന്ന അമ്പതോളം പ്രവർത്തകരെ തിരിച്ചെടുക്കുന്നതിൽ ഉറപ്പ് ലഭിക്കാത്തതിനാൽ പാർട്ടിവിടുമെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്നാണ് ഗോപിനാഥിന്റെ പക്ഷം.
ഗോപിനാഥ് സി.പി.എമ്മിലെത്തിയാൽ പെരിങ്ങോട്ടുകുറിശ്ശിയിലെ ഒരുവിഭാഗവും കോൺഗ്രസ് വിടുമെന്ന് സൂചനയുണ്ട്. അതിനാൽ കരുതലോടെ പ്രതികരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും രണ്ടുദിവസത്തെ സമയം വേണമെന്നുമാണ് വേണുഗോപാലും സുധാകരനും ഗോപിനാഥിനെ അറിയിച്ചത്.
കാര്യങ്ങൾ ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ച ശേഷം പ്രതികരിക്കാമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിൽ എം.എൽ.എയും പറഞ്ഞു. ശ്രീകണ്ഠനും രമ്യ ഹരിദാസും ഇന്നലെ ഗോപിനാഥിനെ കണ്ടിരുന്നു. സമ്മർദ്ദ തന്ത്രമാണെന്നും അതിനു വഴങ്ങേണ്ടതില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
ഗോപിനാഥ് വിമതനായാൽ ഷാഫിയുടെ വോട്ടു വിഹിതത്തെ കാര്യമായി ബാധിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ തവണ എൻ.എൻ.കൃഷ്ണദാസ് മൂന്നാംസ്ഥാനത്തായതോടെ സി.പി.എമ്മിലെ മുതിർന്നവരാരും പാലക്കാട് മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ ഗോപിനാഥിലൂടെ ഒരു പരീക്ഷണത്തിനാണ് സി.പി.എം ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |