മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ന് കുറ്റപത്രം സമർപ്പിച്ചു. എൻസിബി തലവൻ സമീർ വാങ്കടെ സമർപ്പിച്ച കുറ്റപത്രത്തിൽ 30,000 പേജുകളാണുളളത്.
സുശാന്തിന്റെ സ്‌നേഹിത നടി റിയ ചക്രബർത്തി ഉൾപ്പടെ ജയിൽശിക്ഷ അനുഭവിച്ച കേസാണിത്. ആകെ 33 പേർക്കെതിരെയാണ് കുറ്റപത്രം. കേസിൽ റിയയ്‌ക്ക് പുറമേ നിരവധി ലഹരികടത്തുകാരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷണ സമയത്ത് ഇവരെ പലരെയും നർകോട്ടിക്‌സ് വിഭാഗം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇക്കൂട്ടത്തിൽ നടി റിയ ചക്രബർത്തിക്ക് പുറമെ ഇവരുടെ സഹോദരൻ ഷൊവിക് ചക്രബർത്തിയും പിടിയിലായിരുന്നു. ഇവർ ഇരുവരും സുശാന്തിന് ലഹരിമരുന്ന് നൽകിയവരാണ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ലഹരി മരുന്ന് സമ്പാദിക്കുന്നതിന് റിയ ചക്രബർത്തി, ഷൊവിക്, സുശാന്തിന്റെ ടാലന്റ് മാനേജർ ജയന്തി സാഹ,മറ്റ് ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവേൽ മിരാൻഡ തുടങ്ങിയവരുടെ പേരുകൾ വെളിപ്പെട്ടതോടെയാണ് ഇ.ഡി ഈ തെളിവുകൾ എൻ.സി.ബിയ്‌ക്ക് കൈമാറിയത്. തുടർന്ന് നാർകോട്ടിക്‌സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കൂടുതൽപേർക്കെതിരെ തെളിവുകൾ പുറത്തുവരികയായിരുന്നു.
ഇവരുടെയെല്ലാം വീടുകൾ എൻ.സി.ബി പരിശോധന നടത്തുകയും ചെയ്‌തു. കേസുമായി ബന്ധപ്പെട്ട ലഹരി ഉപയോഗത്തിന് ബോളിവുഡ് നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ്, ദീപിക പദുക്കോൺ, കരിഷ്‌മ പ്രകാശ് എന്നിവരെയും എൻ.സി.ബി ചോദ്യം ചെയ്‌തിരുന്നു. 2020 ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്‌പുത്തിനെ ബാന്ദ്രയിലെ തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |