ന്യൂഡൽഹി: നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യത്തിൽ തുടരും. ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം സുപ്രീം കോടതി തളളി. ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഇ ഡി നൽകിയ അപ്പീൽ ആറാഴ്‌ചയ്‌ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും.
ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. ശിവശങ്കറിൽ നിന്നും കണ്ടെടുത്ത പണം ഒരു കോടിയിൽ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം തളളി. ശിവശങ്കർ അസുഖം അഭിനയിക്കുകയാണെന്നും സ്വർണക്കടത്തിലെ ആകെ തുക ഒരു കോടിയിൽ കൂടുതലാണെന്നുമുളള ഇ ഡി വാദം കോടതി പരിഗണിച്ചില്ല.
ശിവശങ്കറിനെതിരായ ആരോപണം എന്താണെന്ന് വാദത്തിനിടെ ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ഇരുന്ന ശിവശങ്കർ സ്വർണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. പണം ലോക്കറിൽ വച്ചത് ശിവശങ്കറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണം കടത്തിയത് മറ്റാരോ ആണ്. അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ഇ ഡി പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. ശിവശങ്കറിന് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചപ്പോൾ ജാമ്യം സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. എന്നാൽ ഇത് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |