കായംകുളം: കോടതിയിൽ ഹാജരാകുവാനുള്ള നിർദ്ദേശം അവഗണിച്ച മുനിസിപ്പൽ സെക്രട്ടറിയെ കായംകുളം മുനിസിഫ് കോടതി ആമീനെ വിട്ട് അറസ്റ്റ് ചെയ്ത് ഉച്ചവരെ കോടതിയിൽ നിറുത്തി. സെക്രട്ടറിയെ ശകാരിച്ച് താക്കീത് ചെയ്ത കോടതി പിന്നീട് മൊഴി എടുത്തശേഷമാണ് വിട്ടയച്ചത്.
കായംകുളം മുനിസിപ്പൽ സെക്രട്ടറി ജെ.ജെ.ധീരജ് മാത്യുവിനെയാണ് കായംകുളം മുനിസിഫ് എ. ഷാനവാസ് ആമീനെ അയച്ച് നഗരസഭയിലെ ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപ് കോടതിയിൽ ഹാജരാകുവാനുള്ള സമൻസ് നൽകുവാനെത്തിയ കോടതി ജീവനക്കാരനോട് സെക്രട്ടറി കയർത്ത് സംസാരിക്കുകയും സമൻസ് കൈപ്പറ്റാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതാണ് കോടതി നടപടിക്ക് കാരണമായത്. കോടതിയെ ധിക്കരിച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയ മുൻസിഫ് കോടതിയോട് ശ്രദ്ധയോടെ ഇടപെടണമെന്ന് താക്കീത് ചെയ്തു.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കായംകുളം താജ് കോംപ്ളക്സിലെ കടമുറി തർക്കത്തിൽ സാക്ഷിയായി വിസ്തരിക്കുവാനാണ് മുനിസിപ്പൽ സെക്രട്ടറിയ്ക്ക് കോടതി നോട്ടീസ് അയച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കേസ് വിളിച്ച് മൊഴി എടുത്തശേഷം സെക്രട്ടറിയെ പോകാൻ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |