കോട്ടയം: ഭർത്താവിന് സംശയരോഗം. വീട്ടിൽ നിത്യം കലഹമായതോടെ യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും മദ്യപിച്ച് അവിടെയെത്തിയ ഭർത്താവ് 27 കാരിയായ ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവശേഷം ഒളിവിൽപ്പോയ ഭർത്താവിനെ ഇന്ന് പുലർച്ചെ മറയൂർ സി.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. മറയൂർ പത്തടിപ്പാലം സ്വദേശിനി സരിതയാണ് മരിച്ചത്. മറയൂർ ബാബുനഗർ സ്വദേശി സുരേഷാണ് പൊലീസ് പിടിയിലായത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സുരേഷിന്റെ രണ്ടാം ഭാര്യയാണ് സരിത. സംശയരോഗത്തെ തുടർന്ന് ഇവർ തമ്മിൽ സ്ഥിരം വീട്ടിൽ വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സരിതയുടെ കഴുത്തിനാണ് വെട്ടേറ്റത്. മുറിയിൽ രക്തം തളംകെട്ടിയ നിലയിലാണ് അയൽവാസികൾ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മറയൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പട്ടം കോളനി പെരിയപ്പെട്ടി സ്വദേശി മുരുകൻ-ലക്ഷ്മി ദമ്പതികളുടെ മകളാണ് സരിത. മറയൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ് സരിത. മകൻ:അഭിലാഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |