ആലപ്പുഴ: മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35), തിരുവല്ല ക്രോസ് ജംഗ്ഷൻ ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കൊട്ടയ്ക്കമാലി സുബീൻ (കൊച്ചുമോൻ-38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൽഷാദ് ഹമീദ്(30) എന്നിവരെ കസ്റ്റഡിയിൽ ലഭിച്ചത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തീകരിച്ച് നാളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഇനി പിടികൂടാനുള്ള, ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്ക് വേണ്ടി പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ പ്രതികൾക്ക് പ്രാദേശിക സഹായം ചെയ്ത മാന്നാർ സ്വദേശിയും ഗുണ്ടാ നേതാവുമായ ഷംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിന് വാഹനം നൽകിയ പ്രതി കായകുളം പത്തിയൂർ സ്വദേശി അനസിന്റെ ആഡംബര വാഹനവും പൊലീസ് പിടിച്ചെടുത്തു. തട്ടിക്കൊണ്ട് പോകുന്നതിന് പ്രാദേശികമായി സഹായിച്ച മാന്നാറിലെ ഗുണ്ടാ സംഘത്തിനെ ഏർപ്പാട് ചെയ്തത് അനസാണ്.
കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്.
ആയുധങ്ങൾ കണ്ടെടുത്തു
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതിയുടെ വീട് ആക്രണത്തിന് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഫയർ ഫോഴ്സിന്റെ ആലപ്പുഴയിലെ സ്‌കൂബാ ടീം കണ്ടെടുത്തു. സംഭവത്തിന് ശേഷം പമ്പയാറ്റിൽ ഉപേക്ഷിച്ച നീളമുള്ള രണ്ട് വാളുകളും ഒരു ചുറ്റികയും ഒരു കമ്പിപ്പാരയും, ഒരു ഇരുമ്പ് പട്ടയും ഉൾപ്പെടെ അഞ്ചോളം ആയുധങ്ങൾ കണ്ടെടുത്തത്. പൈനുംമൂട് ജംഗ്ഷന് വടക്ക് ആംബുലൻസ് പാലത്തിന് താഴെ, കോട്ടക്കൽ കടവ് പമ്പാനദിയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെത്തിയത്. പാലത്തിന് മുകളിൽ പ്രതികളുടെ വാഹനം നിർത്തി പമ്പയാറ്റിലേയ്ക്ക് ആയുധങ്ങൾ വലിച്ചെറിഞ്ഞതതായി പ്രതികൾ മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |