സ്പെയ്സ് പാർക്കിലെ സ്ഥാപനമായ ആനന്ദ് ടെക്നോളജീസ് ലിമിറ്റഡ് വികസിപ്പിച്ച സ്വകാര്യ റോക്കറ്റ് ആമസോണിയ 1 നെ എസ്.എൽ.വി.സി-51 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ആദ്യ സ്വകാര്യവിക്ഷേപണ ദൗത്യവിജയം കേരളത്തിന്റെ സ്‌പെയ്സ് പാർക്കിന് കൂടി അവകാശപ്പെട്ടതാണ്.
റോക്കറ്റിന്റെ മെക്കാനിക്കൽ ഒാപറേഷൻ, അസംബ്ളിംഗ്, ഇലക്ട്രിക് ഹാർനെസിംഗ്, കേബിൾ ടെസ്റ്റിംഗ് ആൻഡ് ക്വാളിഫൈയിംഗ്, സിസ്റ്റംസ് പാക്കേജ് ചെക്കൗട്ട്, ഒാപറേഷൻ ചെക്കൗട്ട്, നാവിഗേഷൻ സിംസ്റ്റംസ് ചെക്കൗട്ട്, വൈബ്രേഷൻ ടെസ്റ്റിംഗ് തുടങ്ങിയവയെല്ലാം നിർവഹിച്ചത് ആനന്ദ് ടെക്നോളജീസാണെന്ന് ചെയർമാൻ ഡോ. സുബ്ബറാവു പാവലൂരി പറഞ്ഞു. ആന്ധ്രാസ്വദേശിയായ സുബ്ബറാവു മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനാണ്.
ശ്രീഹരിക്കോട്ടയിൽ അവസാനവട്ട ടെസ്റ്റിംഗും മറ്റ് നടപടികളുമാണ് ഐ.എസ്.ആർ.ഒ നിർവഹിച്ചത്. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെയും വിദഗ്‌ദ്ധരുടെയും കർശന മേൽനോട്ടത്തിൽ ഇന്നലെ രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.
17 മിനിറ്റിനുള്ളിൽ 637കിലോഭാരമുള്ള ആമസോണിയ ഉപഗ്രഹം വിക്ഷേപിച്ചു. പിന്നീട് റോക്കറ്റിന്റെ പി.എസ് 4 എന്ന ഉപഗ്രഹങ്ങൾ സൂക്ഷിച്ച ഭാഗത്തിലെ എൻജിൻ ഒാഫ് ചെയ്‌തു. 54 മിനിറ്റിന് ശേഷം വീണ്ടും ഇന്ധനം ഒമ്പത് സെക്കൻഡ് ജ്വലിപ്പിച്ച് ഗതിമാറ്റി. തുടർന്ന് 48 മിനിറ്റിന് ശേഷം വീണ്ടും ഇന്ധനം എട്ട് സെക്കൻഡ് ജ്വലിപ്പിച്ച് നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന് ശേഷിച്ച 18 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മോദിയുടെ ചിത്രവും ഭഗവത് ഗീതയുമുള്ള സതീഷ് ധവാൻ സാറ്റ്, കോയമ്പത്തൂരിലെ ശ്രീശക്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ശ്രീപെരുംപത്തൂരിലെ ജെ.പി.ആർ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, നാഗപൂരിലെ ജി.എച്ച്.റായ്സോനി എൻജിനിയറിംഗ് കോളേജ് എന്നിവയുടെ യൂണിറ്റിസാറ്റ്, ഇന്ത്യയിലെ സിന്ധുനേത്ര ഉപഗ്രഹം എന്നിവയും, അമേരിക്കയിലെ സായ് -1 നാനോകണക്ട് 2, സ്പെയ്സ് ബീ സ്ഥാപനത്തിന്റെ 12 കുഞ്ഞൻ ഉപഗ്രഹങ്ങൾ എന്നിവയാണ് വിക്ഷേപിച്ചത്.
മാർപാപ്പ ഇറാക്കിൽ
ക്രൈസ്തവസഭയുടെ ചരിത്രത്തിലാദ്യമായി ഇറാക്ക് സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറാക്ക് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി
മാർപാപ്പയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ ചുവന്ന പരവതാനി വിരിച്ചിരുന്നു.
പിന്നീട് ഇറാക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവിൽ മാർപാപ്പയ്ക്ക് സ്വീകരണമൊരുക്കി. പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രിയുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഇറാക്ക് ഏറെ വിഷമതകൾ അനുഭവിച്ചെന്നും അവിടം സന്ദർശിക്കേണ്ടത് തന്റെ ചുമതലയാണെന്നും മാർപാപ്പ പറഞ്ഞു.
നാല് ദിവസത്തെ പരിപാടികളാണ് മാർപാപ്പയ്‌ക്ക്. 2003ൽ അമേരിക്ക ഇറാക്ക് ആക്രമിച്ചതു മുതൽ തുടർന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർന്നു പോയ ക്രൈസ്തവ ന്യൂനപക്ഷത്തിന് സമാശ്വാസം പകരാനാണ് പ്രധാനമായും മാർപാപ്പയുടെ സന്ദർശനം. യുദ്ധം കാരണം ക്രൈസ്തവരിൽ നല്ലൊരു പങ്കും ഇറാക്കിൽ നിന്ന് പലായനം ചെയ്‌തിരുന്നു.
മലയാളി ഡാ
ഇന്ത്യൻ വംശജനായ മജു വർഗീസിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസിന്റെ (ഡബ്ല്യു.എച്ച്.എം.ഒ) ഡയറക്ടറായും നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ്.
അഭിഭാഷകനായ മജു വർഗീസ് നേരത്തെ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സി.ഇ.ഒ ആയിരുന്നു. ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ നടത്തിപ്പു സമിതിയിലും അംഗമായിരുന്നു.
തിരുവല്ലക്കാരായ മാത്യു – സരോജ ദമ്പതികളുടെ മകനായി ന്യൂയോർക്കിലാണ് മജു ജനിച്ചത്. നിയമബിരുദത്തിനു ശേഷം മാസച്യുസിറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചിട്ടുണ്ട്. 2000 ൽ ഡമോക്രാറ്റ് സ്ഥാനാർഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു 6 വർഷം സേവനമനുഷ്ഠിച്ചു. അമേരിക്കക്കാരിയും പോളിസി വിദഗ്ദ്ധയുമായ ജൂലി വർഗീസാണ് ഭാര്യ. ഒരു മകനുണ്ട്: 14 വയസുള്ള ഇവാൻ.
മായത്തിന് ജീവപര്യന്തം
മദ്ധ്യപ്രദേശിൽ ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി നിയമഭേദഗതി നടത്തി. ഗവർണർ ആനന്ദി ബെൻ പട്ടേലാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. ഭക്ഷണത്തിൽ മായം കലർത്തുന്നത് മാരക കുറ്റമാണെന്നും അങ്ങനെ ചെയ്യുന്നത് ആളുകളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും അതിനാലാണ് ശിക്ഷ വർദ്ധിപ്പിച്ചതെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്നതും ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |