തിരുവനന്തപുരം: പതിനഞ്ച് സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തിന് കൈമാറി. ബി.ജെ.പി ദേശീയ ഘടകത്തിന്റെ മൂന്നാം പട്ടിക പ്രഖ്യാപനത്തിൽ ഇതുകൂടി ഉൾപ്പെടുത്താനാണ് സാദ്ധ്യത. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കും. സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനായിരിക്കും ഇത്തവണ. മലമ്പുഴ- സി.കൃഷ്ണകുമാർ, പാറശാല -കരമന ജയൻ, കാട്ടാക്കട- പി.കെ.കൃഷ്ണദാസ്, കാസർകോട് - കെ.ശ്രീകാന്ത്, മണലൂർ- എ.എൻ. രാധാകൃഷ്ണൻ, കോഴിക്കോട് നോർത്ത്- എം.ടി രമേശ് ,ചാത്തന്നൂർ - ഗോപകുമാർ , പുതുക്കാട്-എ.നാഗേഷ്, കുന്നംകുളം- അനീഷ് കുമാർ, അരുവിക്കര-സി.ശിവൻകുട്ടി എന്നിവരും പട്ടികയിലുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരരംഗത്തുണ്ടാകുമോ എന്ന് ഇന്നറിയാം. അങ്ങനെയാണെങ്കിൽ കഴക്കൂട്ടത്തായിരിക്കും അദ്ദേഹം മത്സരിക്കുക. ഇ.ശ്രീധരന്റെ പേര് പാലക്കാട്ടാണ് ആലോചിച്ചതെങ്കിലും തൃശൂരിലും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്രി കൂടി ഇപ്പോൾ തയ്യാറാക്കിയ ലിസ്റ്ര് അംഗീകരിക്കും. മറ്റ് സീറ്രുകളിലേക്കുള്ള ചർച്ച കോർ കമ്മിറ്റി ഇന്നലെ രാത്രി വൈകിയും തുടർന്നു. ഇന്ന് അമിത് ഷായുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും കോർ കമ്മിറ്റി ചേരും.
ദേശീയ ജനാധിപത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചയും ഇന്ന് പൂർത്തിയാക്കും. ഘടകകക്ഷികളുമായുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. പൂർത്തിയാവാത്ത സീറ്റുകളിലെ ചർച്ചയാണ് ഇന്ന് നടക്കുക. വർക്കല, വാമനപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, ഇരവിപുരം, അരൂർ, ചേർത്തല , കായംകുളം, , ഏറ്രുമാനൂർ, റാന്നി, ഒല്ലൂർ, കുട്ടനാട്, തൊടുപുഴ, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങൾ ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായിട്ടുണ്ട്. ബാക്കി സീറ്റുകളിൽ ഇന്ന് ധാരണയാകും.
എസ്. ആർ.എം അജി( വർക്കല), സോമശേഖരൻ- വാമനപുരം, അനിയപ്പൻ- അരൂർ, സോമൻ -തൊടുപുഴ, എം.ഡി.സെൻ -ഏറ്റുമാനൂർ തുടങ്ങിയവരുടെ പേര് ബി.ഡി.ജെ.എസ് അംഗീകരിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |