തിരുവനന്തപുരം:കോവളം എന്ന് കേട്ടാൽ വിദേശികൾ പോലും ഹായ് പറയും.അത്ര സുന്ദരമായ കോവളത്ത് തിരഞ്ഞെടുപ്പ് അത്ര സുന്ദരമല്ല.പ്രകൃതി നൽകുന്ന ഭംഗി ആസ്വാദനത്തിനപ്പുറമാണ്.കാലം മാറി,കോവളവും മാറുകയാണ് സമം വയ്ക്കാനാവാത്ത ആ ആസ്വാദനം പോലെയാണ് കോവളത്തിന്റെ വിധിയെഴുത്തും.
പെട്ടെന്ന് കണ്ടെത്താൻ പറ്റാത്തതാണ് കോവളത്തിന്റെ ഉള്ളറകൾ.അലകൾ മാറിക്കൊണ്ടിരിക്കും.അതിൽ വിജയപരാജയങ്ങൾ തിരതള്ളും.
ബാലരാമപുരം,കല്ലിയൂർ,വെങ്ങാനൂർ,കാഞ്ഞിരംകുളം,കരുംകുളം,കോട്ടുകാൽ,പൂവാർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലം.മണ്ഡല പുനർനിർണ്ണയത്തിൽ
തിരുവല്ലം നേമത്തായപ്പോൾ ബാലരാമപുരം കോവളത്തായി.നാടാർ സമുദായത്തിനാണ് മുൻതൂക്കം.രണ്ടാം സ്ഥാനത്ത് ഈഴവരാണ്. മൂന്നാമത് ലത്തീൻ കത്തോലിക്ക വിഭാഗവും.
ത്രികോണത്തിൽ മുട്ടുമ്പോൾ
ത്രികോണ മത്സരത്തിന്റെ ത്രില്ല് കോവളത്തെ അമ്പരപ്പിക്കുകയാണ്.മത്സരം ത്രികോണമായാൽ കോവളം കിടുക്കും.2006ൽ ആദ്യത്തെ ത്രികോണ മത്സരത്തിന് തുടക്കമിട്ടത് നീലലോഹിതദാസ്.എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചപ്പോൾ നീലൻ സ്വതന്ത്രനായി മത്സരിച്ചു.കോൺഗ്രസുകാരനായിരുന്ന റൂഫസ് ഡാനിയൽ വേഷം മാറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി.വിജയം കോൺഗ്രസിനൊപ്പം ചേർന്നു.38,764 വോട്ട് നേടി കോൺഗ്രസ് സ്ഥാനാർത്ഥി ജോർജ് മേഴ്സിയർ ജയിച്ചു.27,939 വോട്ട് നേടിയ നീലനായിരുന്നു രണ്ടാമത്.
1991 കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോർജ് മസ്ക്രീൻ വിജയിച്ചതിനുശേഷം യു.ഡി.എഫ് രണ്ട് തവണ വിജയിച്ചതും ത്രികോണപ്പോരിനൊടുവിലാണ്. 1996ലും 2001ലും ഡോ.എ.നീലലോഹിതദാസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത് യു.ഡി.എഫുമായി നേരിട്ടുള്ള മത്സരത്തിലായിരുന്നു.
2011ൽ നീലന്റെ ഭാര്യ ജമീലപ്രകാശം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി.യു.ഡി.എഫുമായി നേരിട്ടുള്ള മത്സരത്തിൽ ജോർജ് മേഴ്സിയറിനെ പരാജയപ്പെടുത്തി ജമീല വിജയിച്ചു.കഴിഞ്ഞ തവണ കളി വീണ്ടും മാറി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി കോവളം ടി.എൻ.സുരേഷ് എത്തിയതോടെ മത്സരം ത്രികോണമായി. കോൺഗ്രസിലെ എം.വിൻസെന്റ് 60,268 വോട്ടിന് വിജയിച്ചു. 57,653വോട്ടോടെ ജമീല പ്രകാശം രണ്ടാമതും 30,987 വോട്ടുമായി ടി.എൻ.സുരേഷ് മൂന്നാമതും.
സാദ്ധ്യത
യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.വിൻസെന്റ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.എൽ.ഡി.എഫ് സീറ്റ് ഇത്തവണ സി.പി.എം ഏറ്റെടുക്കമെന്ന് അഭിപ്രായം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നുവെങ്കിലും ഒടുവിൽ ജനതാദൾ എസിനു നൽകാൻ തീരുമാനിക്കുകയായിരുന്നു.നീലലോഹിതദാസിന് സീറ്റ് നൽകണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.എൻ.ഡി.എക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് കോവളത്ത് നിന്ന് ലഭിച്ചത് കഴിഞ്ഞ തവണയാണ്. അത് നേടിക്കൊടുത്ത ടി.എൻ.സുരേഷ് ഇപ്പോൾ എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡിയിലാണ്. ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന സമിതി അംഗം എസ്.സുരേഷിനെയാണ് പരിഗണിക്കുന്നത്. ഘടകക്ഷിയായ കേരള കാമരാജ് കോൺഗ്രസും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ൽ
എം.വിൻസെന്റ് (കോൺഗ്രസ്) 60268 വോട്ട്, 39.14%
ജമീലാപ്രാകാശം (ജെ.ഡി.എസ്) 57653, 37.45%
കോവളം ടി.എൻ.സുരേഷ് (ബി.ഡി.ജെ.എസ്) 30987, 20.13%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |