ജമ്മു: ജമ്മുകാശ്മീരിലെ വിവിധയിടങ്ങളിൽ അനധികൃതമായി താമസിച്ചിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ ജമ്മുപൊലീസ് തടവിലാക്കി. പരിശോധയിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഹിരാനഗറിലെ സബ് ജയിലിൽ തടവിലാക്കിയിരിക്കുന്ന ഇവരെ ഉടൻ നാടുകടത്തും. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞദിവസം ജമ്മുവിലെ വിവിധയിടങ്ങളിൽ കഴിഞ്ഞിരുന്ന റോഹിംഗ്യൻ അഭയാർത്ഥികളെ നഗരത്തിലെ മൗലാന ആസാദ് സ്റ്റേഡിയത്തിലെത്തിച്ച് പൊലീസ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവിടെ പ്രവേശിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു. തങ്ങളുടെ കൈവശമുളള രേഖകൾ പരിശോധിക്കുകയും ചില ഫോമുകൾ പൂരിപ്പിച്ച് വാങ്ങിയെന്നുമാണ് അഭയാർത്ഥികളിൽ ചിലർ പറയുന്നത്.
അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ അഭയാർത്ഥികളെ തിരിച്ചയ്ക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ട് നാളുകളേറെയായി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റോഹിംഗ്യൻസിനെ പുത്താക്കണമെന്ന് ആവശ്യമുന്നയിച്ചത്. ജമ്മുവിൽ നിന്ന് റോഹിംഗ്യൻസ് ഉൾപ്പടെയുളള അനധികൃത കുടയേറ്റക്കാരെ പുറത്താക്കണമെന്ന് ബി ജെ പിയും ആവശ്യമുന്നയിച്ചിരുന്നു. ജമ്മുപൊലീസിന്റെ ഇപ്പോഴത്തെ നടപടിയെയും ബി ജെ പി സ്വാഗതം ചെയ്തിട്ടുണ്ട്.
റോഹിംഗ്യകളും ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടെ 13,700 ൽ അധികം വിദേശികൾ ജമ്മു, സാംബ ജില്ലകളിൽ താമസമാക്കിയിട്ടുണ്ട്. 2008 നും 2016 നും ഇടയിൽ അവരുടെ ജനസംഖ്യ 6,000 ത്തിലധികം വർദ്ധിച്ചുവെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. 5,700 റോഹിംഗ്യകളും മറ്റ് വിദേശ പൗരന്മായ 322 പേരും ജമ്മു കാശ്മീരിൽ താമസിക്കുന്നതായി 2017 ൽ അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്ലിം വിഭാഗമാണ് റോഹിംഗ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം നൽകിയിരുന്നില്ല. 2017ൽ മ്യാൻമറിലെ റഖൈനിഷയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. സ്ത്രീകളും കുട്ടികളും കൊടിയ പീഡനത്തിന് ഇരയായി. ഇതോടെ കൂട്ടക്കൊലകളും ബലാത്സംഗങ്ങളും ഭയന്ന് അവർ ബംഗ്ളാദേശിലേക്കും ഇന്ത്യയിലേക്കും കുടിയേറുകയായിരുന്നു. ഈ കുടിയേറ്റത്തിനിടെ തന്നെ ഒട്ടനവധിപേർക്ക് ജീവൻ നഷ്ടമായി. ഒരു ദശലക്ഷത്തോളം റോഹിംഗ്യകൾ വർഷങ്ങളായി ബംഗ്ലദേശിലുൾപ്പടെ അഭയാർത്ഥികളായി കഴിയുന്നുണ്ട്. മ്യാൻമറിൽ അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. പട്ടാളഭരണം ഇവരുടെ ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |