തിരുവനന്തപുരം:അതൊരു വനിതാ ദിനമായിരുന്നു. ഒരു ഹമ്മിംഗ് കൊണ്ടുമാത്രം ഗായികമായി പി.സുശീലാദേവിയെ സിനിമാലോകം അംഗീകരിച്ചു.
'അന്ന് സലിൽ സാർ എനിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ദീർഘമായ ആ ഹമ്മിംഗ് ഇന്നും കാതിലുണ്ട്. അങ്ങേയറ്റം വിഷാദസാന്ദ്രമാണത്. അത് റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ സ്റ്റുഡിയോ പരിപൂർണ നിശബ്ദം'' തിരുമലയിലെ 'സാരംഗി'യിലിരുന്ന് 51 വർഷം പൂർത്തിയായ ഓർമ്മകളിലൂടെ സുശീലാദേവി സഞ്ചരിച്ചു. 'അഭയം' എന്ന ചിത്രത്തിലെക്ലൈമാക്‌സ് സീനിൽ നായികയായ കവയിത്രി മരിച്ചു കിടക്കുമ്പോൾ മരണത്തെക്കുറിച്ച് കവയിത്രി തന്നെ എഴുതിയ ഈരടികൾ പശ്ചാത്തലത്തിൽ മുഴങ്ങണം. നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായർ ക്ഷണിച്ച പ്രകാരം തിരുമല സ്വദേശി പി.സുശീല അന്നത്തെ മദ്രാസിൽ എത്തി. 1970 മാർച്ച് 8. പ്രസാദ് സ്റ്റുഡിയോയിൽ വി.ദക്ഷിണാമൂർത്തി, സലിൽ ചൗധരി, ആർ.കെ.ശേഖർ എന്നീ പ്രതിഭകൾക്ക് മുന്നിൽ ആ 24കാരി അമ്പരപ്പോടെ നിന്നു. പശ്ചാത്തല സംഗീതം ഒരുക്കിയ സലിൽ ചൗധരി ഹമ്മിംഗ് മതിയെന്നു പറഞ്ഞു. ആ ഹമ്മിംഗ് ഇഷ്ടപ്പെട്ടാണ് 'ശബരിമല ശ്രീധർമ്മ ശാസ്താ' എന്ന ചിത്രത്തിലേക്ക് വി.ദക്ഷിണാമൂർത്തി സുശീലയെ ക്ഷണിച്ചത്. പേര് പി.സുശീലാദേവി എന്നാക്കിയിതും ദക്ഷിണാമൂർത്തിയായിരുന്നു. അന്ന് പി.സുശീല സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാലമായിരുന്നു. 'ഞാറ്റുവേലയ്ക്കു ഞാൻ നട്ടപിച്ചകം...' എന്നു തുടങ്ങുന്നതായിരുന്ന ഗാനം. യൂസഫലി കേച്ചേരി -ദേവരാജൻ മാസ്റ്റർ ടീമിന്റെ 'സിന്ദൂരച്ചെപ്പി'ൽ ''മണ്ടച്ചാരെ മൊട്ടത്തലയിൽ കണ്ടം വയ്ക്കാറായല്ലോ...'' എന്ന തമാശപ്പാട്ടായിരുന്നു രണ്ടാമത്തേത്. ഈ ഗാനം കേട്ടാണ് എം.എസ്.ബാബുരാജ് സംഭവാമേ യുഗേ യുഗേയിൽ ''മൂക്കില്ലാരാജ്യത്തെ രാജാവിന് മൂക്കിന്റെ തുമ്പത്ത് കോപം...'' എന്ന ഗാനം പാടാൻ ക്ഷണിച്ചത്. ഒപ്പം പാടിയത് യേശുദാസ്.1972ൽ മികച്ച പുതുമുഖ പിന്നണിഗായികയ്ക്കുള്ള ലൂമിയർ പുരസ്കാരം ലഭിച്ചു.സിനിമാ ലോകത്തോട് അത്ര ഭ്രമം തോന്നാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. ആകാശവാണിയിലായി സംഗീതാലാപനം. സംഗീത കോളേജുകൾ അടക്കമുള്ള കലാലയങ്ങളിൽ സംഗീതാദ്ധ്യാപികയായി. കെഎസ്.ചിത്ര, കെ.എസ്.ബീന, അരുന്ധതി, ഭാവനാ രാധാകൃഷ്ണൻ, ഉഷാരാജ്, എസ്. ജയ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, പന്തളം ബാലൻ എന്നിവരൊക്കെ ശിഷ്യരാണ്. മറ്രൊരു അപൂർവനേട്ടവുമുണ്ട്. ബാലു കിരിയത്ത് സംവിധാനം ചെയ്ത 'തകിലുകൊട്ടാമ്പുറം' എന്ന സിനിമയിൽ സംഗീത സംവിധായികയായി. പാടാനെത്തിയത് യേശുദാസ്. ഒപ്പം പാടിയത് ചിത്രയുടെ സഹോദരി കെ.എസ്.ബീന.
തിരുമല ദേവിദർശത്തിൽ സി.ജി.ഭാസ്കരൻ നായരുടേയും പാറുക്കുട്ടിഅമ്മയുടെയും രണ്ടാമത്തെ മകളാണ് സുശീലാദേവി. മൂത്തസഹോദരൻ പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല, ഇളയസഹോദരൻ സംഗീത സംവിധായകൻ ദർശൻ രാമൻ. ഭർത്താവ് എൻ.കൃഷ്ണൻനായർ 2002ൽ നിര്യാതനായി. മക്കൾ ബിന്ദു പ്രദീപ്, വിനയകൃഷ്ണൻ, വിജയകൃഷ്ണൻ.
''ഞാൻ എത്തേണ്ടിടത്ത് എത്തിയില്ല എന്ന് ശിഷ്യർ പറയാറുണ്ട്. ഇത്രയെങ്കിലുമെത്തിയില്ലേ.. എന്നേ ഞാനവരോടു ചോദിക്കാറുള്ളൂ''
- പി.സുശീലാദേവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |