കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ വിസ്‌മയ വിജയം നേടിയ കിഴക്കമ്പലത്തെ ട്വന്റി 20 നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ട്വന്റി 20യുടെ ഉപദേശക ബോർഡ് ചെയർമാനും വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടി പ്രസിഡന്റ് സാബു ജേക്കബും പങ്കെടുത്തു.
ഡോ. സുജിത്ത് പി. സുരേന്ദ്രൻ (കുന്നത്തുനാട്), ചിത്ര സുകുമാരൻ (പെരുമ്പാവൂർ), ഡോ. ജോസ് ജോസഫ് (കോതമംഗലം), സി.എൻ. പ്രകാശ് (മൂവാറ്റുപുഴ), ഡോ. ജോബ് ചക്കാലക്കൽ (വൈപ്പിൻ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
രൂപം കൊണ്ട് എട്ട് വർഷങ്ങൾ പിന്നിട്ട ട്വന്റി 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും പൊരുതാനുറച്ച് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യഘട്ട ലിസ്റ്റിൽ അഞ്ച് പേരാണുള്ളത്. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ.ജോസഫിന്റെ മകളുടെ ഭർത്താവ് ഡോ. ജോ ജോസഫ് ഉൾപ്പെടെ അഭ്യസ്തവിദ്യരും വിദ്യാഭ്യാസ, ആരോഗ്യ, മാദ്ധ്യമ, മാനേജ്മെന്റ് മേഖലകളിലെ പ്രമുഖരുമായവരാണ് സ്ഥാനാർത്ഥികൾ.
ഡോ. സുജിത്ത് പി.സുരേന്ദ്രൻ
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടി. നാഷണൽ ലാ അക്കാഡമിയിൽ നിന്ന് ബിരുദാനന്തര ബിരുദം. യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ നിന്ന് ഡോക്ടറേറ്റ്. ബംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒഫ് ലായിൽ അസോസിയേറ്റ് പ്രൊഫസറും പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗം കോ ഓർഡിനേറ്ററും ആയിരുന്നു.
ചിത്ര സുകുമാരൻ
എസ് ആൻഡ് സി മൾട്ടി കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ഫെസിലിറ്റി മാനേജ്മെന്റ് വ്യവസായത്തിൽ 2000 പേർക്ക് തൊഴിൽ നൽകി. കൊമേഴ്സ് ബിരുദധാരിണിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി കലാകാരിയുമാണ്.
ഡോ. ജോസ് ജോസഫ്
തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം. പട്യാല ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. എറണാകുളം മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ ട്വന്റി 20 പ്രവർത്തനത്തിൽ സജീവമായി.
സി.എൻ.പ്രകാശ്
മാദ്ധ്യമപ്രവർത്തകനാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം. 2017ൽ അഭിഭാഷകനായി. ദേശാഭിമാനി, ജീവൻ ടി.വി, അമൃത ടി.വി, കൈരളി ടി.വി, ഇന്ത്യാവിഷൻ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചു.
ഡോ. ജോബ് ചക്കാലക്കൽ
എറണാകുളം സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നു ബിരുദാനന്തര ബിരുദം, തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ നിന്നു പി.എച്ച്.ഡി. സെന്റ് ആൽബർട്സ് കോളേജിലും സെന്റ് പോൾസ് കോളേജിലും അസോസിയേറ്റ് പ്രൊഫസറായിരുന്നു. വിരമിച്ചശേഷം സെന്റ് പോൾസ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസിന്റ് തലവൻ.
ഉപദേശക ബോർഡ്
ട്വന്റി 20 പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയർമാനായി ഉപദേശക ബോർഡ് രൂപീകരിച്ചു. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ധിഖ്, ഡോ. വിജയൻ നങ്ങേലി, ലക്ഷ്‌മി മേനോൻ, അനിത ഇന്ദ്രബായി തുടങ്ങിയവർ അംഗങ്ങളാണ്.
ചരിത്രദൗത്യം
ഇത് ചരിത്രപരമായ ദൗത്യമാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളിൽ പ്രതീക്ഷയില്ല. സമ്പത്തില്ലാത്തവന്റെ കൈയിൽ അധികാരവും സമ്പത്തും വരുമ്പോഴുള്ള കാര്യങ്ങളാണ് നടക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിലാണ് ഞാൻ ജനിച്ചത്. അവിടുത്തെ ആളുകൾ എന്നെ മടുപ്പിച്ചിട്ടേയുള്ളു. ഈ ദൗത്യം എറണാകുളത്തെ ജനങ്ങൾ ഏറ്റെടുക്കണം. വിജയിച്ചാൽ ട്വന്റി 20 കേരളം ഭരിക്കുന്ന കാലം വിദൂരമല്ല.
ശ്രീനിവാസൻ,ചലച്ചിത്രതാരം
പിന്നിട്ട ചരിത്രം
2012ൽ രൂപീകരിച്ച് 2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടം. കിഴക്കമ്പലം പഞ്ചായത്തിലെ 19ൽ 17 സീറ്റിൽ വിജയം. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് എന്നീ നാല് പഞ്ചായത്തുകളുടെ ഭരണം നേടി. 79 ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ മത്സരിച്ച് 65 എണ്ണത്തിൽ വിജയം. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 11 സീറ്റുകളിൽ മത്സരിച്ച് 9 ഇടങ്ങളിൽ വിജയം. രണ്ട് ജില്ലാ പഞ്ചായത്തിലും വിജയിച്ചു.
നാല് പഞ്ചായത്തുകളിൽ 1.75 ലക്ഷം അംഗങ്ങളായിരുന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴുണ്ടായിരുന്നത്. കഴിഞ്ഞ മാസം അംഗത്വ പ്രചരണം തുടങ്ങിയപ്പോൾ ജില്ലയിൽ 1.45 അംഗങ്ങളെ കൂടി ചേർക്കാനായി. ജില്ലയിലെ മുഴുവൻ വാർഡുകളിലും മിനിമം 50 പേരെങ്കിലും അംഗങ്ങളായുണ്ട്. വീടുകൾ തോറും കയറി ഇറങ്ങി അംഗത്വം ചേർക്കും. ഇത് ഏഴ് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയിൽ എത്തിക്കും. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഈ ആഴ്ച പ്രഖ്യാപിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയാണ് മത്സരിക്കുന്നത്. അഴിമതിമുക്തമായ ആധുനിക കേരളമാണ് ലക്ഷ്യം. എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തും.
സാബു എം. ജേക്കബ്ബ് പ്രസിഡന്റ് ട്വന്റി20
ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല മുന്നോട്ട് മാത്രമെന്ന മുദ്രാവാക്യമാണ് എന്നെ ട്വന്റി20യിലേക്ക് ആകർഷിച്ചത്. തുടക്കം മുതലെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാൽ ഏതെങ്കിലും മുന്നണിയിൽ ഇത് കൊണ്ടു പോയി കെട്ടുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഈ മുദ്രാവാക്യത്തോടെ എല്ലാം മനസിലായി. കേരളത്തെ രക്ഷിക്കാൻ ഈ ഒരു മാർഗ്ഗം മാത്രമെയുള്ളു.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയർമാൻ,ഉപദേശക സമിതി ട്വന്റി20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |