
മൂവാറ്റുപുഴ : തീ പാറുന്ന പോരാട്ടത്തിലേക്ക് നീങ്ങുകയാണ് ത്രിവേണി സംഗമ ഭൂമിയായ മൂവാറ്റുപുഴ. വേനൽ മഴ കനക്കുമ്പോഴും തിരഞ്ഞെടുപ്പ് ചൂട് നൂറ് ഡിഗ്രിയിലേക്ക് എത്തുകയാണ്. ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിക്കുന്ന മൂവാറ്റുപുഴ ഇക്കുറി ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതമാണ്. മണ്ഡലം നിലനിറുത്താൻ ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എൽ.എ, സി.പി.ഐയിലെ എൽദോ എബ്രഹാമിനെയാണ് രംഗത്തിറക്കിയത് . മണ്ഡലത്തിൽ മൽസരിക്കുമെന്ന് അവസാനനിമിഷം വരെ പറഞ്ഞുകേട്ടിരുന്ന മുൻ എം.എൽ.എ. ജോസഫ് വാഴക്കനെ ഒഴിവാക്കി പത്രിക സമർപ്പണത്തിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ മണ്ഡലംതിരിച്ചു പിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടനെ. ഇതിനു പുറമെ എൻ.ഡി.എയുടെ ജിജി ജോസഫ് ,20 - ട്വന്റിക്ക് വേണ്ടി മാദ്ധ്യമ പ്രവർത്തകനായ സി.എൻ. പ്രകാശ് എന്നിവർക്കുപുറമെ എസ്.യു.സി.ഐ സ്ഥാനാർത്ഥി പി.വി.തമ്പിയും മണ്ഡലത്തിൽ മാറ്റുരക്കുന്നുണ്ട്. കഴിഞ്ഞതിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം എൽ.എയായിരുന്ന ജോസഫ് വാഴക്കനെ 9000 ൽ പരം വോട്ടുകൾക്ക് തോൽപിച്ചാണ് മണ്ഡലം എൽദോ പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ മണ്ഡലം നിലനിറുത്താൻ രണ്ടാം വട്ടവും എൽദോയെ നിയോഗിക്കുകയായിരുന്നു.
ഒപ്പത്തിനൊപ്പം
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും , കാർഷിക മേഖലയുടെ തകർച്ചയും പ്രചാരണായുധമായതിനു പുറമെ ഇന്ധന , പാചക വാതക വില വർദ്ധനവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. നേരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചതിനാൽ എൽദോ ഏബ്രഹാം പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തിയെങ്കിലും ഏറെവൈകി വന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനും പ്രചാരണ രംഗത്ത് ഒപ്പത്തിെനൊപ്പം എത്തി കഴിഞ്ഞു. ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനവും വികസനവും മണ്ഡലത്തിൽ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയ ആയിരം കോടി രൂപയുടെ വികസനവും മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സാരഥി വോട്ട് തേടുന്നത്. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കാനും , മണ്ഡലത്തിൽ കൂടുതൽ വികസനം എത്തിക്കുന്നതിനും വോട്ട് തേടുകയാണ് യു.ഡി.എഫ്.
വിഷയം പലവിധം
കാർഷിക മേഖലയായ മണ്ഡലത്തിലെ കാർഷികവിളകളുടെ വിലയിടിവ് വലിയ ചർച്ചയാണ് . പ്രത്യേകിച്ച് പൈനാപ്പിളിന്റെ വിലയിടിവ് മഞ്ഞള്ളൂരടക്കമുള്ള പഞ്ചായത്തിൽ പ്രധാന വിഷയമാണ്. കർഷകരെ സഹായിക്കാനായി കൊണ്ടുവന്ന നടുക്കര പൈനാപ്പിൾ കമ്പനിയുടെ പ്രവർത്തനവും ഇരുപക്ഷവും ചർച്ചയാക്കുന്നുണ്ട്. യാക്കോബായ സഭയ്ക്കടക്കം സ്വാധീനമുള്ള മണ്ഡലത്തിൽ സഭാ പ്രശ്നങ്ങളുടെ പേരിൽ വിശ്വാസി സമൂഹത്തിന്റെ മനസ് ആർക്കൊപ്പമെന്നത് വിജയ പരാജയങ്ങളിൽ പ്രധാന ഘടകമാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ ഒന്നും ഇല്ലാതിരുന്ന ട്വന്റി 20 യുടെ സാന്നിദ്ധ്യം ആരുടെ വോട്ടുബാങ്കിലാണ് വിള്ളലുണ്ടാക്കുന്നതെന്നും കണ്ടറിയണം.
മണ്ഡലചരിതം
1,11 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്നതാണ് മൂവാറ്റുപുഴ നിയോജക മണ്ഡലം.
2, പത്ത് പഞ്ചായത്തും, നഗരസഭയും ഭരിക്കുന്നത് യു.ഡി.എഫാണ് .
3, കാൽ നൂറ്റാണ്ടിനു ശേഷമാണ് നഗരസഭ ഭരണം ഐക്യ ജനാധിപത്യ മുന്നണി നേടിയത്.
4, അടിസ്ഥാനപരമായി യു ഡി . എഫ്, ആഭിമുഖ്യമുള്ള മണ്ഡലമെന്ന് വിശേഷണം
5, ജോസഫ് വാഴക്കനെ മാറ്റിയതിനെ തുടർന്ന് കോൺഗ്രസിലുണ്ടായ ഭിന്നത തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി .
6, നിലവിൽ 1,80,000 ത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
മൂവാറ്റുപുഴ: എൽദോ എബ്രഹാം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് കൺവീനർ എൻ. അരുൺ പറഞ്ഞു.
മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണന്ന് യു ഡി എഫ് കൺവീനർ അബ്ദുൽമജീദ് പറഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |