തിരുവനന്തപുരം: കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പിനേക്കാൾ ഇക്കുറി പാറശാല മണ്ഡലത്തിന് വീറും വാശിയും കൂടുതലാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പാറശാല വീണ്ടെടുക്കാൻ യു.ഡി.എഫും ബി.ജെ.പിയും പ്രചാരണം കൊഴിപ്പിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ സി.കെ. ഹരീന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥിയായി അൻസജിത റസലും, എൻ.ഡി.എ സ്ഥാനാർത്ഥിയായി കരമന ജയനുമാണ് മത്സരംഗത്ത്. വിജയം ആർക്കാണെന്ന് പ്രവചിക്കാനാകാത്തവിധം പ്രചാരണം മുന്നണികൾ കടുപ്പിച്ചിരിക്കുകയാണ്.
ഇടത് തുടരും: സി.കെ. ഹരീന്ദ്രൻ
പാറശാല പൂഴനാട് ലക്ഷം വീട് കോളനിയിൽ നിന്നായിരുന്നു എൽ.എഡി.എഫ് സ്ഥാനാർത്ഥി സി.കെ. ഹരീന്ദ്രൻ ഉച്ചയ്ക്ക് 2.30ന് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സി.കെ. ഹരീന്ദ്രനെ കണ്ടതും ആവേശമായിരുന്നു ലക്ഷം വീട് കോളനിയിലെ പാർട്ടി പ്രവർത്തകർക്ക്. മുദ്രാവാക്യങ്ങൾ മുഴക്കിയും ചുവന്ന ഹാരമണിഞ്ഞും സ്ഥാനാർത്ഥിയെ അവർ സ്വീകരിച്ചു. മലയോരമേഖലയിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് സി.കെ പ്രചാരണം നടത്തിയത്. ഒരു മുതിർന്ന പാർട്ടി പ്രവർത്തകൻ ഷാൾ അണിയിച്ചു. കുരുവിൽപ്പുറം, കമ്പറ, കുന്നത്ത്നാട്,ചിറയ്ക്കോണം ആശുപത്രി നട, പള്ളിത്തറ, ഇടവച്ചാൽ,നെയ്യാർ ഡാം, പെരുംകുളങ്ങര, പള്ളിവേട്ട തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വാഹനപര്യടനം. സ്വീകരണം നൽകിയ ഇടങ്ങളിലെല്ലാം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് സംസാരിച്ചത്. തുടർഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട് സി.കെയ്ക്ക്.
1300 കോടിയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങളുടെ അടിസ്ഥാന സൗകര്യമുൾപ്പെടെ മെച്ചപ്പെട്ടു. തിരഞ്ഞെടുത്താൽ തുടർ പദ്ധതികളും പുതിയ പദ്ധതികളും ആവിഷ്കരിക്കും.
സി.കെ. ഹരീന്ദ്രൻ
ഇത്തവണ കൈപ്പത്തിക്ക്:അൻസജിത റസൽ
യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിത റസലിന്റെ കൊല്ലായിൽ പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത് ആവേശത്തോടെയായിരുന്നു.കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലിയോടെ തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. അകരത്തുവിള,ഇലിപ്പോട്ട്കോണം, പാണൻവിള,പാലപ്പള്ളി,പുന്നക്കാല,മഞ്ചവിളാകം,നെടിയക്കോട്,ധനവച്ചപ്പുരം,ഐ.ടി.ഐ,പള്ളംവിള,ദേവേശ്വരം,ചെമ്മണ്ണുവിള,ആനക്കുന്ന്,എ.കെ.ജി കോളനി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം കടന്നുപോയത്.വീട്ടമ്മമാരും കുട്ടികളും അഭിവാദ്യമർപ്പിക്കാനായി വഴിയോരങ്ങളിൽ കാത്തുനിന്നു.തനിക്ക് ലഭിച്ച ഷാളുകൾ കൊച്ചു കുട്ടികൾക്ക് നൽകി അവരെ സന്തോഷിപ്പിച്ചു.പുവത്തൂരിൽ കൂടി കടന്നുപോയപ്പോൾ വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു.അടുത്ത സ്ഥലങ്ങളിലേക്ക് വീണ്ടും പര്യടനം തുടർന്നു.
മണ്ഡലത്തിൽ നിരവധി വികസനം കൊണ്ടുവരാനുണ്ട്. തിരഞ്ഞെടുത്താൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പോലുള്ള
പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കും
അൻസജിത റസൽ
ജയൻ ജയിക്കും
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കരമനജയന്റെ വാഹന പര്യടനം.പോകുന്നിടത്തെല്ലാം നിറഞ്ഞ ആവേശത്തോടുള്ള സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.രാവിലെ ക്ഷേത്രദർശനം കഴിഞ്ഞാണ് പര്യടനം തുടങ്ങിയത്.എ.ബി.വി.പി,യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലി,ബി.ജെ.പി പ്രവർത്തകരുടെ ഓട്ടോറാലി തുടങ്ങിയവ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. മണവാരി,ആനാവൂർ,പിലിയോട്,അരിയോട് എന്നിവിടങ്ങളിലായിരുന്നു പര്യടനം നടത്തിയത്.ഓരോ സ്വീകരണ സ്ഥലങ്ങളിലും പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ ജയനെ സ്വീകരിച്ചത്.വാഹപര്യടനത്തിനിടയ്ക്കും കുന്നത്തുകാലിൽ ഗൃഹ സന്ദർശനവും നടത്തി.വൈകിട്ട് പാറശാലയിൽ സംഘടിപ്പിച്ച റോഡ് ഷോയിലും യുവജന സംഗമത്തിലും കേന്ദ്രമന്ത്രി വി.മുരളീധരനോടൊപ്പം പങ്കെടുത്തു.പൊടുന്നനെ പെയ്ത ചാറ്റൽ മഴയിലും പ്രവർത്തകരിലെ ആവശം ചോർന്നില്ല.
തിരഞ്ഞെടുത്താൽ പാറശാലയിൽ എയിംസ് എത്തിക്കും. കുടിവെള്ള പ്രശ്നവും മലയോര ഹൈവേ റോഡുകളുടെ വികസനവും നടത്തും.
പാറശാലയെ പുതിയ പാറശാലയാക്കി മാറ്റും
കരമന ജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |