തിരൂരങ്ങാടി: എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിൽ റോഡിന് സമീപമുള്ള കെട്ടിടം വീടാണോ മുസ്ലിം ലീഗ് ഓഫീസാണോ എന്ന് ആർക്കും സംശയം തോന്നാം. ചുമരം വീടിന്റെ ഭിത്തിയും മേൽക്കൂരയുമടക്കം മൊത്തം പച്ചനിറമാണ്. ക്ലാരിയിലെ പൂഴിക്കൽ മുഹമ്മദാലിയുടെ വീടാണ് തിരഞ്ഞെടുപ്പ് കാലത്ത് നിറത്തിന്റെ ശോഭയിൽ ശ്രദ്ധേയമാവുന്നത്.
പിതാവിന്റെ മരണശേഷമാണ് മുഹമ്മദാലി സ്വന്തം വീട് വച്ചത്. 30 വർഷത്തോളമായി വീടിന്റെ മതിലിൽ സിമന്റിൽ മൺപ്ളേറ്റ് കഷ്ണങ്ങളാക്കി കോണി ചിഹ്നം കൊത്തിവയ്ക്കാൻ തുടങ്ങിയിട്ട്. 20 വർഷത്തോളമായി വീട് പച്ച കളർ അടിക്കുന്നു. വീടിന്റെ കിണർ, ബാത്ത് റൂം ,നിലം ഇന്റർ ലോക്ക് പതിച്ചയിടം, ഗേറ്റ്, ഓട്തുടങ്ങി എല്ലാറ്റിനും പച്ചക്കളറാണ്. രണ്ട് വർഷം കൂടുമ്പോഴാണ് പെയിന്റടിക്കുക. മുസ്ലിംലീഗിനോടുള്ള സ്നേഹവും
പാണക്കാട് സയ്യിദ് കുടുംബത്തോടുള്ള ആദരവുമാണ് മുഹമ്മദാലിയുടെ തീരുമാനത്തിന് പിന്നിലുള്ളത്..
31 വർഷത്തോളം ഖത്തറിൽ ജോലിയായിരുന്നു മുഹമ്മദാലിക്ക്. നാല് വർഷം മുമ്പാണ് പ്രവാസി ജീവിതം അവസാനിപ്പിച്ചത്. കെ.എം.സി.സി പ്രവർത്തകനായിരുന്നു ഇദ്ദേഹത്തിന്റെ
പിതാവ്. അദ്ദേഹം 25 വർഷത്തോളം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുഹമ്മദാലിയുടെ സഹോദരൻ നാസർ നിലവിൽ എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റാണ്.
പാർട്ടിയുടെ ഒരു പരിപാടിയിൽ പോലും പങ്കെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല മുഹമ്മദാലി. പക്ഷേ, പാർട്ടി ഒരു വികാരമാണ് അദ്ദേഹത്തിന്. കോഴിച്ചെന എൽ പി സ്‌കൂൾ മാനേജരാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |