പത്തനംതിട്ട : കേരളത്തിലെ ഇടത് വികസനത്തിന്റെ ഗുണഭോക്താക്കളിൽ അധികവും സ്ത്രീകളാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എൻ സീമ പറഞ്ഞു.അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിന്റെ നവകേരള സങ്കൽപ്പം സ്ത്രീകൾക്ക് ലിംഗതുല്യതയുള്ള ഒരു സമൂഹത്തെ സമ്മാനിച്ചു. 4600 കോടിയോളം രൂപ സ്ത്രീകൾക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ട് കേരള സർക്കാർ. കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന് ഇടയാക്കി. അത് ഇടത് സർക്കാരിന്റെ സംഭാവനയാണ്. രാഷ്ട്രീയ എതിരാളികൾ വോട്ട് ബാങ്കാക്കാൻ ഉപയോഗിക്കുന്നതിൽ നിന്ന് കുടുംബശ്രീയെ സംരക്ഷിക്കണം.
പന്ത്രണ്ട് വർഷം കൊണ്ട് ബിജെപി സർക്കാർ പാവങ്ങളെ കൂടതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നും അവർ പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സമ്മേള നഗറിൽ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ എം വി സഞ്ജു സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യുട്ടീവംഗം ജെ. ഇന്ദിരാദേവി രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി പുഷ്പവല്ലി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ലസിത നായർ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയംഗം എം ജെ മീനാംബിക സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും നടന്നു. വ്യാഴാഴ്ച റിപ്പോർട്ടിന് മറുപടി പറയും. പുതിയ കമ്മിറ്റി– ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി സബിത ബീഗം, സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ, സംസ്ഥാന കമ്മിറ്റിയംഗം എസ് നിർമലദേവി എന്നിവർ പങ്കെടുക്കുന്നു. സമ്മേളനത്തിൽ മുതിർന്ന നേതാക്കളായ രാധ രാമചന്ദ്രൻ, അമൃതം ഗോകുലൻ, ജി പൊന്നമ്മ എന്നിവരെ ആദരിച്ചു. 40 ജില്ലാ കമ്മിറ്റിയംഗങ്ങൾ കൂടാതെ 185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |