കൊല്ലം: പത്രാധിപർ കെ.സുകുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട മൂന്ന് തിരുന്നാളുകളുടെ സംയുക്താഘോഷമായ 'ശ്രീനാരായണഗുരു മുപ്പെരുന്നാൾ" നാളെ കൊല്ലം പ്രസ് ക്ളബ് ഹാളിൽ സംഘടിപ്പിക്കും. രാവിലെ 10ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ യോഗത്തിന്റെ സ്ഥാപകദിന വാർഷിക സമ്മേളനവും കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പത്രാധിപർ കെ.സുകുമാരൻ ജയന്തിദിന സമ്മേളനവും ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ ശിവഗിരി ധർമ്മസംഘം സ്ഥാപകദിന വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.എം.ബാഹുലേയൻ, വൈസ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ, ട്രഷറർ രാജൻ എസ്.സൗപർണിക, അജിത സദാനന്ദൻ എന്നിവർ സംസാരിക്കും.
എസ്.എൻ.ഡി.പി യോഗം രൂപീകരണവുമായി ബന്ധപ്പെട്ട് 1903 ജനുവരി 7ന് അരുവിപ്പുറത്ത് ഗുരുദേവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ആദ്യ യോഗം, ശ്രീനാരായണ ധർമ്മം പ്രചരിപ്പിച്ചുതുടങ്ങിയ ആദ്യ ദിനപത്രമായ കേരളകൗമുദിയുടെ സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ജന്മദിനമായ ജനുവരി 8, ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കാൻ ഗുരുദേവൻ നേരിട്ട് കൂർക്കഞ്ചേരിയിൽ സ്ഥാപിച്ച ശിവഗിരിയിലെ ആദ്യ സന്യാസി സംഘമായ 'ശ്രീനാരായണ ധർമ്മസംഘ"ത്തിന്റെ പ്രഖ്യാപന ദിനമായ 1928 ജനുവരി 9 എന്നീ ദിനങ്ങളുടെ സ്മരണ പുതുക്കലാണ് 'ശ്രീനാരായണഗുരു മുപ്പെരുന്നാൾ സംഗമം" എന്ന പേരിൽ സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ബെസ്റ്റ് എഡ്യുക്കേഷണലിസ്റ്റ് അവാർഡ് ഡോ. എം.ശാർങ്ധരന് സമർപ്പിക്കും. പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ഫിലാൻത്രോപിസ്റ്റ് അവാർഡ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ബെസ്റ്റ് ജേർണലിസ്റ്റ് അവാർഡ് ഹസ്താമലകനും നൽകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്കാരങ്ങൾ സമർപ്പിക്കും. യോഗം കൗൺസിലർ പി.സുന്ദരൻ, കെ.എ.ബാഹുലേയൻ, ഡോ. ആർ.വരുൺ എന്നിവരെ ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |