SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.09 PM IST

പോര് മുറുകുന്നു: ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി, ശബരിമലയിൽ എല്ലാവരുമായി ചർച്ച ചെയ‌്ത് സുപ്രീം കോടതി വിധി നടപ്പാക്കും

Increase Font Size Decrease Font Size Print Page
pinarayi-oommen-chandy

വികസന- ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തുകയും ചെയ‌്തു. ഇരുസർക്കാരിന്റെയും വിവിധ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാണ് പിണറായിയുടെ വെല്ലുവിളി ഉമ്മൻചാണ്ടി നേരിട്ടത്.

എന്നാൽ ഉമ്മൻചാണ്ടിക്ക് മറുപടിയുമായി എത്തി ചർച്ച കൊഴുപ്പിച്ചിരിക്കുയാണ് മുഖ്യമന്ത്രി. ഉയർത്തിയ വാദഗതികൾ പലതും വസ്‌തുതകൾക്ക് നിരക്കാത്തതും വസ്‌തുതകൾ മറച്ചുവയ്‌ക്കുന്നതുമായതിനാൽ യഥാർത്ഥ വസ്‌തുത ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി വയ്‌ക്കുകയാണെന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങൾക്ക് സ്വയം കാണാൻ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരുമായി താരതമ്യം ചെയ്താൽ ഏതൊരു മേഖലയിലും എൽ.ഡി.എഫ് സർക്കാർ വളരെ മുന്നിലാണ്. അദ്ദേഹം ഉയർത്തിയ വാദഗതികൾ പലതും വസ്തുതകൾക്ക് നിരക്കാത്തതും വസ്തുതകൾ മറച്ചുവയ്ക്കുന്നതുമായതിനാൽ യഥാർത്ഥ വസ്തുത ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി വയ്ക്കുകയാണ്.


1. ക്ഷേമ പെൻഷനുകൾ
യു.ഡി.എഫ് അധികാരംവിട്ട് ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കിയുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ഇത് 1600 രൂപയാക്കി. കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ ഒരു കുടിശ്ശികപോലും അവശേഷിക്കാതെ 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു. ഇനി 1500 രൂപ പെൻഷൻ എന്ന വാദം പരിശോധിക്കാം. 80 വയസ്സിനു മുകളിലുള്ളവർക്ക് 1500 രൂപ പെൻഷൻ നൽകാനാണ് യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. അതും കുടിശ്ശികയാക്കിയിട്ടാണ് പോയത്. ഇക്കാര്യമെല്ലാം മറച്ചുവച്ചുകൊണ്ട് 800 മുതൽ 1500 രൂപ വരെ പെൻഷൻ മുൻ സർക്കാർ നൽകി എന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ ലഭിക്കുന്ന 60 ലക്ഷം പേരിൽ 49 ലക്ഷം പേർ ക്ഷേമ പെൻഷനും ബാക്കി 11 ലക്ഷം പേർ ക്ഷേമനിധി പെൻഷനുമാണ് വാങ്ങുന്നത്. പെൻഷൻ വർദ്ധിപ്പിച്ച് കുടിശ്ശികയില്ലാതെ പെൻഷൻ വീടുകളിലെത്തിക്കുന്നത് എൽ.ഡി.എഫ് സർക്കാരാണ്. ക്ഷേമ പെൻഷനുവേണ്ടി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,311 കോടി രൂപ നൽകിയപ്പോൾ എൽ.ഡി.എഫ് സർക്കാർ ക്ഷേമ പെൻഷനുവേണ്ടി 33,500 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.


2. സൗജന്യ അരി
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എ.പി.എൽ ഒഴികെ മറ്റെല്ലാവർക്കും അരി സൗജന്യമാക്കി എന്ന വാദം വിചിത്രമാണ്. എ.എ.വൈ വിഭാഗത്തിന് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരി യു.ഡി.എഫ് സർക്കാർ വിതരണം ചെയ്ത കാര്യമായാണ് പറയുന്നത്. ബി.പി.എല്ലിൽ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ സൗജന്യ റേഷനും ജനങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യകിറ്റും പൂർണ്ണമായും സൗജന്യമായി നൽകി. റേഷൻ സംവിധാനം പരിഷ്‌കരിച്ച് സുതാര്യമായ വിതരണം എൽ.ഡി.എഫ് സർക്കാരാണ് നടപ്പാക്കിയത്. എൽ.ഡി.എഫ് സർക്കാർ 2011 ൽ ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് യു.ഡി.എഫ് സർക്കാർ തുടരുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സർക്കാർ എ.പി.എൽ വിഭാഗത്തിന് ഒരുകാലത്തും സൗജന്യമായി അരി നൽകിയിരുന്നില്ല. 2011 ൽ എൽ.ഡി.എഫ് സർക്കാർ അരി കിലോഗ്രാമിന് 2 രൂപയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നു.


3. മെഡിക്കൽ കോളേജ്
യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ബോർഡ് മാറ്റി നടത്തിയ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് കാലത്തേത് .എല്ലാത്തിനുമൊപ്പം അഴിമതി ആരോപണങ്ങളും.
ബോർഡ് മാറ്റുന്നതല്ല, സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ സർക്കാർ ചെയ്തത്. എൽ.ഡി.എഫ് സർക്കാർ, സർക്കാർ മേഖലയിൽ വയനാട് ജില്ലയിലും മെഡിക്കൽ കോളേജ് ആരംഭിക്കാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു.


4. ആശ്വാസകിരണം പദ്ധതി
വി.എസ് സർക്കാരിന്റെ കാലത്ത് 2010 ലാണ് 'ആശ്വാസകിരണം' പദ്ധതി ആരംഭിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 63,544 ആയിരുന്നു. ഈ സർക്കാരിന്റെ കാലത്താണ് നിരക്ക് 600 രൂപയായി വർദ്ധിപ്പിച്ചത്. നിലവിൽ 1.14 ലക്ഷം ഗുണഭോക്താക്കൾക്കായി 338 കോടി രൂപ ഈ സർക്കാർ ചെലവഴിച്ചു.


'സ്‌നേഹപൂർവ്വം' പദ്ധതിയിൽ നിലവിൽ 50,642 ഗുണഭോക്താക്കളുണ്ട്. ഈ സർക്കാർ 101 കോടി രൂപ ഈ വിഭാഗത്തിന് ചെലവഴിച്ചിട്ടുണ്ട്.
'വികെയർ' പദ്ധതിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വെറും 17 ഗുണഭോക്താക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ് സർക്കാർ 5 വർഷം കൊണ്ട് ചെലവഴിച്ചത് വെറും 2.6 ലക്ഷം രൂപയാണ്. ഈ സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 1250 ആയി ഉയരുകയും 17 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു.


'സമാശ്വാസം' പദ്ധതിയിൽ യു.ഡി.എഫ് സർക്കാർ ചെലവഴിച്ചത് വെറും 13 കോടി രൂപയാണ്. ഈ സർക്കാർ ഗുണഭോക്താക്കളുടെ എണ്ണം 831 ആക്കുകയും ചെലവഴിച്ച തുക 40.5 കോടി രൂപയായി ഉയരുകയും ചെയ്തു.


5. രാഷ്ട്രീയ കൊലപാതകങ്ങൾ
മനുഷ്യജീവൻ അപഹരിക്കുന്ന സംഘട്ടനങ്ങളും സംഘർഷങ്ങളും ഒരെണ്ണം പോലും ഉണ്ടാകരുതെന്നാണ് എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്. ഫലപ്രദമായ ഇടപെടലുകളിലൂടെ ഇത് അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ നടപടികളും എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു.


6. പി.എസ്.സി നിയമനം
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 ആണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1,63,131 പേർക്ക് പി.എസ്.സി വഴി നിയമനം നൽകി (യു.ഡി.എഫ് കാലത്ത് നിയമനം നൽകാത്ത 4,031 കെ.എസ്.ആർ.ടി കണ്ടക്ടർമാർക്ക് എൽ.ഡി.എഫ് സർക്കാരാണ് നിയമനം നൽകിയത്). പി.എസ്.സി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ അതിൽ ശക്തമായ നിയമനടപടി സ്വീകരിച്ചു.


7. റബ്ബർ സബ്സിഡി
യു.ഡി.എഫ് കാലത്ത് വെറും 381 കോടി രൂപയാണ് റബ്ബർ സബ്സിഡിയായി വിതരണം ചെയ്തത്. എൽ.ഡി.എഫ് കാലയളവിൽ 1382 കോടി രൂപ റബ്ബർ സബ്സിഡിയായി വിതരണം ചെയ്തിട്ടുണ്ട്. യു ഡി എഫ് കാലത്തെ കുടിശികയും ഈ സർക്കാരാണ് വിതരണം ചെയ്തത്.


8. വൻകിട പദ്ധതികൾ, ബൈപാസുകൾ, പാലങ്ങൾ
യു.ഡി.എഫ് കാലത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്തൂപമായിരുന്ന പാലാരിവട്ടം പാലം എൽ.ഡി.എഫ് കാലത്ത് ശാക്തീകരിച്ച് പുതുക്കിപ്പണിതത് ഓർമ്മിപ്പിക്കട്ടെ. കണ്ണൂർ വിമാനത്താവളവമൊക്കെ നിങ്ങളുടെ കാലത്ത് എങ്ങനെ ആയിരുന്നു എന്നതിന്റെ ചിത്രം ജനങ്ങളുടെ മനസിൽ ഉണ്ട്.


കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ പൂർത്തിയാക്കൽ ദീർഘിപ്പിക്കൽ, കൊച്ചി വാട്ടർ മെട്രോ, ദേശീയ ജലപാത. ദേശീയപാത വികസനം, റെയിൽവേ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെറെയിൽ, കെഫോൺ. ഗെയ്ൽ പൈപ്പ്‌ലൈൻ , എൽഎൻജി ടെർമിനൽ, പെട്രോ കെമിക്കൽസ് പാർക്ക്, ലൈഫ് സയൻസസ് പാർക്ക്, ഹൈടെക്ക് ഇൻഡസ്ട്രിയൽ കോറിഡോർ തുടങ്ങി ഇഛാശക്തിയോടെ സർക്കാർ നടപ്പാക്കിയ ഒട്ടനവധി പദ്ധതികൾ എടുത്തു പറയാൻ ഉണ്ട്.


ദീർഘകാലം മുടങ്ങിക്കിടന്ന ആലപ്പുഴ, കൊല്ലം ബൈപാസുകൾ പൂർത്തീകരിച്ചു. കുണ്ടന്നൂർവൈറ്റില മേൽപ്പാലം പൂർത്തീകരിച്ചു. പ്രളയാഘാതശേഷിയുള്ള റോഡുകളും പാലങ്ങളും ആർ.കെ.ഐ കിഫ്ബി മുഖാന്തിരം നിർമ്മിച്ചുവരുന്നു.


9. മദ്യം, മയക്കുമരുന്ന്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചരണവും ബോധവൽക്കരണവും നിയമനടപടിയും സ്വീകരിച്ചുവരുന്നു. ബാർ ലൈസൻസിന്റെ കാര്യത്തിൽ യു.ഡി.എഫ് കാലത്തുണ്ടായിരുന്ന കുംഭകോണങ്ങളൊന്നും ഈ സർക്കാരിന്റെ കാലത്തില്ല.


10. ഭവനനിർമ്മാണം
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4,43,449 വീടുകൾ നിർമ്മിച്ചു നൽകി എന്നതാണ് അവകാശവാദം. കേരള നിയമസഭയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 3204 ന് (24.02.2016) നൽകിയ മറുപടിയിൽ 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് പറഞ്ഞത്. 4,43,449 പേർക്ക് വീടുകൾ വച്ചു നൽകി എന്ന വാദം വസ്തുതയാണെങ്കിൽ കേരളത്തിൽ ഭവനരഹിതരായി 27,157 കുടുംബങ്ങൾ മാത്രമേ അവശേഷിക്കുകയുള്ളൂ. ലൈഫ് പദ്ധതിക്ക് ലഭിച്ച അപേക്ഷകളും വസ്തുതകളും പരിശോധിച്ചാൽ ഇതിലും എത്രയോ വലുതാണ് ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണം. മേൽപറഞ്ഞ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ യു.ഡി.എഫ് സർക്കാർ വച്ചുനൽകിയ വീടുകളുടെ എണ്ണം 3,141 എന്നാണ്. എൽ.ഡി.എഫ് സർക്കാർ ഇതിനകം 2.75 ലക്ഷത്തിൽപ്പരം വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.


11. ജനസമ്പർക്ക പരിപാടി
ധനസഹായം ജനങ്ങളുടെ അവകാശമാണ്. അത് അവരെ വെയിലത്ത് നിർത്തി വിതരണം ചെയ്യേണ്ട ഔദാര്യമല്ല എന്നതാണ് സർക്കാർ നയം.


മേളകളും ഒച്ചപ്പാടുമില്ലാതെ ഫലപ്രദമായ സംവിധാനത്തിലൂടെ 3,43,050 പെറ്റീഷനുകൾ ലഭിച്ചതിൽ 2,86,098 എണ്ണം തീർപ്പാക്കിയിട്ടുണ്ട് (85.40%). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 7,70,335 അപേക്ഷകളിൽ 1800 കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്തു. എല്ലാം ഓൺലൈനാക്കി മാറ്റിയതും ഈ സർക്കാരാണ്.


12. പട്ടയ വിതരണം
ഗുണഭോക്താക്കൾക്ക് പട്ടയം നൽകി ഭൂമി ലഭ്യമാക്കുന്ന കണക്കുകളാണ് യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത്. കടലാസ് പട്ടയങ്ങൾ കണക്കാക്കാൻ കഴിയില്ല. യു.ഡി.എഫ് സർക്കാർ സംസ്ഥാനത്താകെ 89,884 പട്ടയങ്ങൾ വിതരണം ചെയ്തു. എൽ.ഡി.എഫ് സർക്കാർ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ലാന്റ് ട്രൈബ്യൂണലുകളിൽ നിലവിലുണ്ടായിരുന്ന 1,53,062 കേസുകൾ തീർപ്പ് കൽപ്പിച്ചു. 78,071 പട്ടയങ്ങളും ക്രയ സർട്ടിഫിക്കറ്റുകളും അനുവദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 99,811 കേസുകളാണ് തീർപ്പാക്കിയത്.


13. ശബരിമല
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങൾ മാനിച്ചുകൊണ്ടും എല്ലാവരുമായും ചർച്ച ചെയ്തും സുപ്രീംകോടതി വിധി നടപ്പാക്കും എന്നാണ് എൽ.ഡി.എഫ് സർക്കാർ എടുക്കുന്ന നിലപാട്. സുപ്രീംകോടതിയിൽ കേസ് പരിഗണനയിലിരിക്കെ അനവസരത്തിൽ അഭിപ്രായം പറയുന്നത് തെരഞ്ഞെടുപ്പുകാലത്ത് വിശ്വാസികളുടെ മനസ്സ് ഇളക്കി വോട്ട് തട്ടാനുള്ള ശ്രമമായി മാത്രമേ കാണാൻ കഴിയൂ. ശബരിമല തീർത്ഥാടനത്തിനായി യു.ഡി.എഫ് സർക്കാർ 341.21 കോടി രൂപ അനുവദിച്ച സ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ 1487.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് യു.ഡി.എഫ് സർക്കാർ 115 കോടി രൂപ അനുവദിച്ചപ്പോൾ എൽ.ഡി.എഫ് സർക്കാർ 135.9 കോടി രൂപ അനുവദിച്ചു. ശബരിമല ഇടത്താവളം നിർമ്മിക്കാൻ കിഫ്ബി മുഖാന്തിരം 118.35 കോടി രൂപ അനുവദിച്ചു. വരുമാന കുറവ് നികത്താൻ 120 കോടി രൂപ അനുവദിച്ചു. ശബരി മലയിൽ നിർമ്മിച്ച അന്നദാനമണ്ഡപം വളരെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയുള്ളതാണ്.


14. പൊതുമേഖലാ സ്ഥാപനങ്ങൾ
മുൻ യു.ഡി.എഫ് സർക്കാരിന്റെ അവസാന വർഷമായ 201516 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പാദനം 2799 കോടി രൂപയായിരുന്നത് 201920 ൽ 3,148 കോടി രൂപയായി വർദ്ധിച്ചു. 201516 ൽ ആകെ നഷ്ടം 213 കോടി രൂപയായിരുന്നെങ്കിൽ 201920 ൽ 102 കോടി രൂപയുടെ ആകെ ലാഭമാണ്.


പൊതുവിദ്യാലയങ്ങൾ, പൊതുമേഖലയിലെ ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കു പുറമെ, മികവിന്റെ കേന്ദ്രമായ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.


15. പ്രവാസി ക്ഷേമം
പ്രവാസി വെൽഫെയർ ഫണ്ടിലെ അംഗത്വം ഈ സർക്കാരിന്റെ കാലയളവിൽ 1.1 ലക്ഷത്തിൽ നിന്നും 5.6 ലക്ഷമായി വർദ്ധിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി മുൻ യു.ഡി.എഫ് സർക്കാർ 68 കോടി രൂപ ചെലവാക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ 180 കോടി രൂപ ചെലവാക്കി.


16. പൊതു കടം
പൊതു കടം ആഭ്യന്തര വരുമാനത്തിന്റെ അനുപാതമായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. യു.ഡി.എഫ് 200506 ൽ അധികാരം വിട്ട് ഒഴിഞ്ഞപ്പോൾ കടം ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 2011ൽ അധികാരമൊഴിഞ്ഞപ്പോൾ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്റെ അടിസ്ഥാന വർഷം കണക്കാക്കിയതിൽ വ്യത്യാസം വന്നപ്പോൾ കടത്തിന്റെ അനുപാതം കുറഞ്ഞു. യു.ഡി.എഫ് 201516 ൽ അധികാരമൊഴിഞ്ഞപ്പോൾ ധാരാളം ബാധ്യതകൾ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തര വരുമാനത്തിന്റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 201617 ൽ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വർദ്ധിച്ചിട്ടുള്ളൂ.


17. സാമ്പത്തിക വളർച്ച
സ്രോതസ് വെളിപ്പെടുത്താതെയാണ് മുൻ മുഖ്യമന്ത്രി യു.ഡി.എഫ് കാലത്തെ സാമ്പത്തിക വളർച്ച 6.42 ശതമാനമെന്നും എൽ.ഡി.എഫ് കാലത്തെ സാമ്പത്തിക വളർച്ച 5.28 ശതമാനവുമാണെന്ന് പറയുന്നത്. യു.ഡി.എഫ് കാലത്ത് ശരാശി സാമ്പത്തിക വളർച്ച 4.85 ശതമാനമാണ്. എൽ.ഡി.എഫ് കാലത്ത് 4 വർഷങ്ങളിലെ സാമ്പത്തിക വളർച്ച 5.44 ശതമാനമാണ്. (സാമ്പത്തിക സർവ്വേ, 2020, വാല്യം 2, പേജ് 11)


ഇതിനു പുറമെ ചില കണക്കുകൾ കൂടി പറയാനുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ 7780 കി.മീ റോഡുകൾ പൂർത്തിയാക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ 11,580 കി.മീ റോഡുകൾ 2021 ജനുവരി വരെ പൂർത്തീകരിച്ചു. 4530 കി.മീ കൂടി പൂർത്തിയാക്കും.
ശുദ്ധജല വിതരണ കണക്ഷന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാരിന്റെ 4.9 ലക്ഷം കണക്ഷനുകൾ നൽകിയപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 11.02 ലക്ഷം കണക്ഷനുകൾ നൽകി.


യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു തുറമുഖമാണ് പൂർത്തീകരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 5 തുറമുഖങ്ങൾ പൂർത്തീകരിച്ചു.
ചെറുകിട, സൂക്ഷ്മ, മീഡിയം വ്യവസായ സ്ഥാപനങ്ങൾ 201516 ൽ 82,000 ആയിരുന്നു. ഇത് 202021 ൽ 1.4 ലക്ഷമായി വർദ്ധിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ 4.99 ലക്ഷം കുട്ടികളുടെ കുറവാണ് യു.ഡി.എഫ് കാലത്ത് ഉണ്ടായത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു.
ഇതെല്ലാം കേരള ജനത അനുഭവിച്ചറിഞ്ഞതാണ്. നുണകൾ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല എന്ന് ഓർമ്മിപ്പിക്കട്ടെ.

TAGS: ASSEMBLY POLLS, PINARAYI VIJAYAN, OOMMEN CHANDY, FACEBOOK POST, ELECTION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.